തിരുവനന്തപുരം: മലപ്പുറത്ത് ഹോമിയോ മെഡിക്കൽ ഓഫിസർ (ഡോക്ടർ) നിയമനത്തിന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽമൂന്നാം പ്രതി റയീസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നിഷേധിച്ചത്. ഒക്ടോബർ 3 ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിൽ കഴിയുന്ന കോഴിക്കോട് എകരൂൽ സ്വദേശിയായ എം.കെ. റയീസിനാണ് ജാമ്യം നിരസിച്ചത്.

പ്രതിക്കെതിരായി ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ ഗുരുതരവും ഗൗരവമേറിയതുമാണ്. കേസ് റെക്കോഡുകൾ പരിശോധിച്ചതിൽ പ്രതിയുടെ ഉൾപ്പെടൽ പ്രഥമദൃഷ്ട്യാ കാണുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതിയെ സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനും പ്രോസിക്യൂഷൻ ഭയന്ന് ഒളിവിൽ പോകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോൾ പ്രതിയെ ജാമ്യത്തിൽ വിട്ടയക്കാനാവില്ലെന്നും ജാമ്യഹർജി തള്ളിയ ഉത്തരവിൽ മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ വ്യക്തമാക്കി. റയീസിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ആയുഷ് മിഷന്റെ വ്യാജ ഇ-മെയിൽ വിലാസമുണ്ടാക്കിയതെന്ന് ജാമ്യ ഹർജിയെ എതിർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഫോൺ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ ഇ-മെയിൽ നിർമ്മിച്ച ശേഷം അഖിൽ സജീവിന് അയച്ചുനൽകിയതിന്റെ സ്‌ക്രീൻ ഷോട്ടടക്കം കണ്ടെടുത്തു.

ഗൂഢാലോചനയിലും റഹീസിന് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. നിരവധി പണമിടപാടുകളും ഇവർ തമ്മിലുണ്ട്. നൂറിലധികം തവണ ഗൂഗിൾ പേ വഴി പണം കൈമാറിയെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. റയീസിന്റെ പേരിലുള്ള നമ്പർ ഉപയോഗിച്ച് വ്യാജ രേഖകൾ ഉണ്ടാക്കിയത് കൂട്ടുപ്രതിയായ അഖിൽ സജീവാണ. നിയമന തട്ടിപ്പിൽ മുഖ്യ പങ്കാളിത്തമുള്ള പ്രതിയാണ് മൂന്നാം പ്രതി റയീസ്. പ്രതിക്ക് മുഴുവൻ ഗുഢാലോചനയിലും പങ്കുണ്ട്. ആയുഷ് മിഷന്റെ വ്യാജ നിയമന ഉത്തരവ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഫോൺ നമ്പർ ( സിം കാർഡ് ) പ്രതിയുടെ പേരിലാണ്. നിലവിൽ നാലു പേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. കൂടുതൽ പേർക്ക് പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. ആയുഷ് മിഷന്റെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കിയത് റയീസാണ്. അഖിൽ സജീവ് റയീസിന്റെ പേരിലുള്ള നമ്പർ ഉപയോഗിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. തന്റെ നമ്പർ ഉപയോഗിച്ച് വ്യാജ രേഖകൾ തയ്യാറാക്കിയത് അഖിൽ സജീവാണെന്ന് നേരത്തെ റയീസ് മൊഴി നൽകിയിരുന്നു.