തിരുവനന്തപുരം: വെഞ്ഞാറമൂട് കള്ളനോട്ട് കേസിൽ പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാനുത്തരവിട്ടു. വിചാരണ കോടതിയായ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. ആറ്റിങ്ങൽ അയിലം സ്വദേശികളായ വിമൽരാജ് , ജോയി മോൻ , ബൈജു ബാബു , സംഗീത് എന്ന രതീഷ് എന്നീ 1 മുതൽ 4 വരെയുള്ള പ്രതികളെയാണ് ഹാജരാക്കേണ്ടത്. പ്രതികളെ ഡിസംബർ 5 ന് ഹാജരാക്കാൻ മുട്ടട ക്രൈം ബ്രാഞ്ച് ഓർഗനൈസ്ഡ് ക്രൈം വിങ് ( ഒ സി ഡബ്ലു - 1) ഡി വൈ എസ് പി യോട് ജഡ്ജി ജി.രാജേഷ് ഉത്തരവിട്ടു.

ആറ്റിങ്ങൽ - വെഞ്ഞാറമൂട് റോഡിലൂടെ വിതരണത്തിനായി കാറിൽ കടത്തുകയായിരുന്ന കള്ളനോട്ടായ 500 രൂപയുടെ 13,000 രൂപ പിടികൂടിയ കേസിലാണ് വിചാരണക്കു മുന്നോടിയായി കുറ്റം ചുമത്തുന്നത്. 2010 നവംബർ 29 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളനോട്ട് വിതരണം ചെയ്യാനായി പോകുകയായിരുന്ന നാലംഗ സംഘത്തെ കള്ളനോട്ടുകളും വാഹവും ഉൾപ്പെടെ ആറ്റിങ്ങൽ പൊലീസ് പിടികൂടുകയായിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആറ്റിങ്ങൽ - വെഞ്ഞാറമൂട് റോഡിലെ രഹസ്യ കേന്ദ്രത്തിൽ വച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 16 ഇ 3359 രജിസ്‌ട്രേഷൻ നമ്പർ മാരുതി കാറും പിടികൂടി. തുടരന്വേഷണത്തിനായി സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയായ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 489 ബി (വ്യാജ നിർമ്മിത കറൻസി നോട്ടുകൾ യഥാർത്ഥമായതെന്ന പോലെ ഉപയോഗിക്കൽ) , 489 സി (വ്യാജ നിർമ്മിത കറൻസി നോട്ടുകൾ കൈവശം വക്കൽ) എന്നീ ശിക്ഷാർഹമായ വകുപ്പുകൾ പ്രകാരം സെഷൻസ് കേസെടുത്താണ് പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.