- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോമിയോ മെഡിക്കൽ ഓഫിസർ നിയമന കോഴ കേസ്; മൂന്നാം പ്രതി ലെനിൻ രാജ് എ.കെ.ക്ക് മുൻകൂർ ജാമ്യമില്ല; പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കോടതി
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള ആയുഷ് വകുപ്പിൽ മലപ്പുറത്ത് ഹോമിയോ മെഡിക്കൽ ഓഫിസർ (ഡോക്ടർ) നിയമനത്തിന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ രണ്ടാം പ്രതി കോഴിക്കോട് സ്വദേശി ലെനിൻ രാജ് എ.കെ. ക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ജഡ്ജി പ്രസുൻ മോഹൻ ജാമ്യം നിഷേധിച്ചത്. ഗൗരവമേറിയതും ഗുരുതരവുമായ ആരോപണം നേരിടുന്ന പ്രതി ഒളിവിൽ പോകാനും ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയും പ്രധാന സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നുമുള്ള അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാറിന്റെ വാദം അംഗീകരിച്ചാണ് ജാമ്യ ഹർജി തള്ളിയത്.
താൻ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റങ്ങളും ചെയ്തിട്ടില്ലായെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. ഗൂഢാലോചന, വിശ്വാസ വഞ്ചന ചെയ്ത് ചതിച്ച് 1.75 ലക്ഷം രൂപ വഞ്ചനയിലൂടെ സ്വരൂപിച്ചെടുത്തു, വ്യാജ ഇ-മെയിൽ വിലാസം ഉണ്ടാക്കി എന്നീ കുറ്റങ്ങൾ ആരോപിച്ച് സിറ്റി കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുകയാണ്.
അറസ്റ്റ് ചെയ്ത് തന്നെ കസ്റ്റഡിയിൽ വെച്ച് പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുവാൻ സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ താൻ തയ്യാറാണ്. ആകയാൽ തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ തന്നെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം കൊടുക്കണമെന്നുമായിരുന്നു മുൻകൂർ ജാമ്യഹർജിയിലെ പ്രതിയുടെ ആവശ്യം. കേസിൽ കോഴിക്കോട് എകരൂൽ സ്വദേശിയായ എം.കെ. റയീസിനെ ഒക്ടോബർ 3 ന് അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്