തിരുവനന്തപുരം : പോക്‌സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ. ഡി. ജി. പി. സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും അയച്ചു.

പോക്‌സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യത്തിൽ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ നടപടി.

വളരെ വിശദമായ റിപ്പോർട്ടാണ് എ. ഡി. ജി. പി സമർപ്പിച്ചത്. പോക്‌സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഇവയാണ്.

* വിചാരണ വേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു.

* അതിജീവിതയും ബന്ധുക്കളും കോടതിക്ക് പുറത്ത് പ്രതിയിൽ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീർപ്പാക്കുന്നു.

* കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ കാല താമസമുണ്ടാകുന്നു

* പ്രതിക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നു.

* മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അന്വേഷണ വേളയിലും വിചാരണ വേളയിലും മേൽനോട്ടത്തിൽ വീഴ്ച സംഭവിക്കുന്നു. ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ എ. ഡി. ജി. പി നൽകുന്ന നിർദ്ദേശങ്ങൾ ഇവയാണ്.

പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും 164 സി ആർ പി സി മൊഴി രേഖപ്പെടുത്തണം.

കുറ്റകൃത്യം തെളിയിക്കാൻ വാക്കാലുള്ള തെളിവുകളെക്കാൾ സാഹചര്യ / ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി കുറ്റകൃത്യം നടന്നുവെന്ന് സ്ഥാപിക്കണം.

കെമിക്കൽ എക്‌സാമിനേഷൻ റിസൾട്ട്, സീൻപ്ലാൻ, ജനന സർട്ടിഫിക്കറ്റ്, വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ കാലതാമസം ഒഴിവാക്കി ശേഖരിച്ച് കുറ്റപത്രത്തിനൊപ്പം സമർപ്പിക്കണം.

കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമായി തെളിവുകളെക്കുറിച്ച് ചർച്ച നടത്തി തെളിവുകളുടെ പ്രസക്തിയെക്കുറിച്ച് നിയമോപദേശം വാങ്ങുന്നു.

പ്രതിമാസ ക്രൈം കോൺഫറൻസിൽ ജില്ലാ പൊലീസ് മേധാവിമാർ പോക്‌സോ കേസുകളുടെ അന്വേഷണ പുരോഗതി പരിശോധിക്കണം.

അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ പോക്‌സോ കേസുകളുടെ ജില്ലാ നോഡൽ ഓഫീസർ സൂക്ഷ്മ പരിശോധന നടത്തണം.

പോക്‌സോ കോടതിയിൽ വിചാരണ നടപടികളിൽ സഹായിക്കാൻ കാര്യക്ഷമതയും പോക്‌സോ നിയമത്തിൽ അറിവുമുള്ള ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥിരം സഹായിയായി നിയോഗിക്കണം.

അതിജീവിത കേസിൽ ഹോസ്റ്റയിൽ ആയാൽ നേരത്തേ നൽകിയ വിക്ടിം കോമ്പൻസേഷൻ തിരിച്ചു പിടിക്കണം. അതിജീവിതയുടെ ബന്ധുക്കൾ പ്രതിയാകുന്ന കേസിൽ ഇരയെ സുരക്ഷിതമായി പാർപ്പിക്കണം. അതിജീവിതയെ വിക്ടിം ലയ്‌സൻ ഓഫീസർ സ്ഥിരമായി സന്ദർശിക്കണം.

അതിജീവിതയെ പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കണം.

പൊലീസ് ആസ്ഥാനത്തെ സർക്കുലർ 4/21 കർശനമായി പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.