കണ്ണൂർ: കണ്ടക്ടർ പോക്സോ കേസിൽ കുറ്റാരോപിതനായി അറസ്റ്റിലായതിനെ തുടർന്ന് പാനൂർ, തലശേരി മേഖലകളിൽ സ്വകാര്യബസ് തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ മുൻകൈയെടുത്ത് നടത്തിയ യോഗത്തിലാണ് തീരുമാനം. അസോസിയേഷൻ പ്രസിഡണ്ട് വേലായുധൻ, ജോയിന്റ് ആർ ടി ഒ ഷാനവാസ് കരീം, എ.എം വിഐ സുനിൽ കുമാർ, തലശേരി സിഐ അനിൽ കുമാർ, എസ്‌ഐ ദീപ്തി, വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കേസിൽ ഒന്നും ചെയ്യാനില്ലെന്നും, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പൊലീസുദ്യോഗസ്ഥർ പറഞ്ഞു. മിന്നൽ പണിമുടക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ജോയന്റ് ആർ.ടി.ഒ അടക്കമുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പരാതിയെ കുറിച്ചു വിശദമായ അന്വേഷണം നടത്താൻ പൊലിസ് തയ്യാറാണെന്ന് പറഞ്ഞതോടെ ബസുടമസ്ഥ സംഘവും അനുകൂലിക്കുകയായിരുന്നു. ഇതോടെയാണ് സമരത്തിൽ നിന്നും തൊഴിലാളി സംഘടനകൾ പിൻവാങ്ങിയത്.

തലശേരിയിൽ ചൊവ്വാഴ്‌ച്ച രാവിലെമുതൽ നടത്തിയ സ്വകാര്യ ബസ് മിന്നൽ പണിമുടക്കിനെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായിരുന്നു.സ്‌കുളിലേക്കുള്ള ബസ് യാത്രയ്ക്കിടെ സ്‌കൂൾ വിദ്യാർത്ഥിനികളെ ശാരിരികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടറെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ - തലശേരി, പെരിങ്ങത്തൂർ - നാദാപുരം, തലശേരി ഉൾപ്പെടെയുള്ള പതിനഞ്ചോളം റൂട്ടുകളിലാണ് സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കിയത്.

ഇതു കാരണം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറ് കണക്കിന് യാത്രക്കാർ പെരു വാഹന സൗകര്യമില്ലാതെ വലഞ്ഞു കരിയാട് - തലശേരി - കണ്ണൂർ റൂട്ടിലോടുന്ന സീന ബസ് കണ്ടക്ടർ ചക്കരക്കൽ മൗവ്വഞ്ചേരി എക്കാലൽ സത്യാനന്ദനെയാണ് (59) കഴിഞ്ഞ ദിവസം ചൊക്ളി പൊലിസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തത്. ഇയാളെ തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ബസ് യാത്രക്കാരായ എട്ട്, പത്ത് ക്ളാസുകളിൽ പഠിക്കുന്ന പത്ത് വിദ്യാർത്ഥിനികളെ ഇയാൾ ബസ് യാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്നാണ് പരാതി.

വിദ്യാർത്ഥിനികൾ സ്‌കൂൾ പ്രധാന അദ്ധ്യാപകനോട് പരാതിപ്പെട്ടതിനെ തുടർന്നാണ് ചൊക്ളി പൊലീസ് രണ്ടു വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ 26 മുതൽ ഇയാൾ ബസിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥിനികളെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ ബസ് തൊഴിലാളികളെ കള്ള കേസിൽ കുടുക്കുന്ന പ്രവണത തുടർന്നാൽ ബസ് വ്യവസായം മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ബസ് ഓണേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി രാജ്കുമാർ കരു വാരത്ത് കണ്ണൂരിൽ പ്രതികരിച്ചു.

ഇതേ സമയം ബസ് കണ്ടക്ടറെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ പ്രധാന റൂട്ടുകളിൽ സ്വകാര്യ ബസ്സ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നത് നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമാണെന്ന് എസ് ഡിപിഐ ജില്ലാ സെക്രട്ടറി ബി ശംസുദ്ധീൻ മൗലവി പ്രസ്താവനയിൽ പറഞ്ഞു.

തലശ്ശേരി-കരിയാട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സ് ജീവനക്കാരനെയാണ് വിദ്യാർത്ഥികളെ തുടർച്ചയായി ഉപദ്രവിച്ചു എന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. കള്ളക്കേസാണെങ്കിൽ അതിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. അല്ലാതെ അറസ്റ്റ് നടന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വാട്‌സാപ്പിൽ ആഹ്വാനം ചെയ്ത് മിന്നൽ പണിമുടക്ക് നടത്തുകയല്ല വേണ്ടത്. ഒരു ഔദ്യോഗിക തൊഴിലാളി സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടില്ല. എന്നിട്ടും ചില തൊഴിലാളികൾ മിന്നൽ പണിമുടക്കിനിറങ്ങിയത് സമ്മർദ്ദമുണ്ടാക്കി പ്രതിയെ രക്ഷപ്പെടുത്താനാണോ എന്ന് സംശയിക്കണം. പീഡനക്കേസിൽ അകപ്പെടുന്നവരെ സംഘടിത ശക്തിയുടെ ബലം കാണിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് അധികൃതർ ഗൗരവത്തോടെ കാണണം,

ജില്ലയിലെ പ്രധാന റൂട്ടുകളിലാണ് ഇന്ന് പണിമുടക്ക് നടത്തുന്നത്. സാധാരണക്കാരയ ആളുകൾ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോവാൻ ആശ്രയിക്കുന്ന ബസ്സുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തിയിടുന്നത് ഫലത്തിൽ ജനങ്ങളെ ബന്ദികളാക്കുന്നതിന് തുല്യമാണ്. നാളെ ബസ്സുടമകൾ സർക്കാർ നയത്തിൽ പ്രതിഷേധിച്ചും പണിമുടക്കുന്നുണ്ട്. ഇതോടെ തുടർച്ചയായ രണ്ടു ദിവസമാണ് പൊതുഗതാഗത മേഖല സ്തംഭിക്കാൻ ഇടയാവുന്നത്. ജില്ലാ ഭരണകൂടം ഇടപ്പെട്ട് പണിമുടക്ക് പിൻവലിപ്പിക്കാൻ അടിയന്തിരമായി ഇടപെടണമെന്നും ബി ശംസുദ്ധീൻ മൗലവി ആവശ്യപ്പെട്ടു.