തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊല കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവിട്ടു. കേസിലെ ഏക പ്രതിയായ കൊല്ലപ്പെട്ട ഡോക്ടറുടെ മകൻ കേഡൽ ജീൻസൺ രാജയുടെ റിമാന്റ് കോടതി നവംബർ 25 വരെ നീട്ടി.

വിചാരണ നേരിടാൻ മാനസിക, ശാരീരിക ആരോഗ്യവാനല്ലാത്തതിനാൽ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡൽ സമർപ്പിച്ച വിടുതൽ ഹർജി കോടതി സെപ്റ്റംബർ 8 ന് തള്ളിക്കൊണ്ടാണ് തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി.അനിൽ കുമാറിന്റേതാണുത്തരവ്.

കേഡലിന്റെ ജാമ്യ അപേക്ഷയും കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്താനും സപ്ലിമെന്ററി റിപ്പോർട്ട് കാലതാമസം വരുത്താതെ ഹാജരാക്കാനും സെപ്റ്റംബർ 8 ന് കോടതി ഉത്തരവിട്ടു.

മികച്ച സൈക്കാട്രി ചികിത്സ ലഭിക്കുന്ന സ്ഥാപനത്തിന്റെ വിശവിവരം ഹാജരാക്കാൻ പ്രതിഭാഗത്തിന് കോടതി അനുമതി നൽകി. അത് വരെ പ്രതി ഇൻ പേഷ്യന്റായി ഇപ്പോൾ തുടരുന്ന പേരൂർക്കട ഊളൻപാറ മെന്റൽ ഹെൽത്ത് സെന്ററിലെ കിടത്തി ചികിത്സ തുടരാനും കോടതി ഉത്തരവിട്ടു. കാലവിളംബം വരുത്താതെ തുടരന്വേഷണം പൂർത്തിയാക്കി സപ്ലിമെന്ററി റിപ്പോർട്ട് ഹാജരാക്കാനും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ഉത്തരവിട്ടു. സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും കോടതി വീണ്ടും കേഡലിന്റെ ജയിൽ നടത്തയെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് തേടി.