- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിങ്ങൽ ശ്രീജിത്തുകൊലക്കേസിൽ പ്രതികൾ ജാമ്യഹർജിയുമായി ജില്ലാ കോടതിയിൽ; പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: ലഹരി മാഫിയ ആറ്റിങ്ങലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ ആറ്റിങ്ങൽ ശ്രീജിത്തുകൊലക്കേസിൽ പൊലീസ് റിപ്പോർട്ട് ഹാജരാക്കാനും പ്രോസിക്യൂഷൻ നിലപാടറിയിക്കാനും ജില്ലാ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്.
ജയിലിൽ കഴിയുന്ന പ്രതികളായ കുമ്പിടി എന്ന പ്രണവും ശ്രീജിത്തും സമർപ്പിച്ച ജാമ്യഹർജിയിലാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണൻ ഉത്തരവിട്ടത്. ലഹരി മാഫിയകൾ തമ്മിലുള്ള തർക്കത്തിനിടെ വക്കം മണക്കാട് വീട്ടിൽ സുരേന്ദ്രൻ -ഗിരിജ ദമ്പതികളുടെ മകൻ അപ്പു എന്ന ശ്രീജിത്താണ് (25) മർദ്ദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 18 ന് വൈകിട്ട് 6 ന് 12 കി.മി അകലെയുള്ള ഊരു പൊയ്കയിൽ വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്.
ലഹരി വിൽപനയുമായി ബന്ധപ്പെട്ട പണമിടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ചവിട്ടും വടി ഉപയോഗിച്ചുള്ള അടിയും ഏറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചത്.
സംഭവത്തിൽ അഞ്ച് പേർ ആദ്യം അറസ്റ്റിലായി. വാളക്കോട് സ്വദേശി രാഹുൽ(26), ഊരുപൊയ്ക സ്വദേശി രാഹുൽ ദേവ്(26), കിഴുവിലം സ്വദേശി അറഫ് ഖാൻ(26), വാമനപുരം സ്വദേശി അനുരാഗ്(24), കാരേറ്റ് സ്വദേശി രാഹുൽ(26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ വിജിത്ത് ആണ് ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്. ശ്രീജിത്തിന്റെ മരണം ഉറപ്പായതിന് പിന്നാലെ ഇയാൾ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രധാന പ്രതികളായ വിനീത് കുര്യൻ, പ്രണവ് കുമ്പിടി, ശ്രീജിത്ത്, വിജിത്ത് എന്നിവർക്കായി തെരച്ചിൽ തുടരവേ ഓഗസ്റ്റ് 21 ന് ഇവരും അറസ്റ്റിലായി. സംഭവ ദിവസം രാത്രി 11ഓടെയാണ് രാഹുലും അഖിൽ കൃഷ്ണനും ചേർന്ന് ശ്രീജിത്തിനെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചത്. പിന്നാലെ രാഹുൽ ബൈക്കുമായി രക്ഷപ്പെട്ടു. സംഭവത്തിൽ ദുരൂഹത തോന്നിയ ആശുപത്രി ജീവനക്കാർ അഖിൽ കൃഷ്ണയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഇതിനിടയിൽ ഇവരെ തേടി ആശുപത്രിയിലെത്തിയ വൈശാഖിനെയും സതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട രാഹുലിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി.
ഗുണ്ട കുര്യൻ എന്നറിയപ്പെടുന്ന കുര്യൻ വിനീതും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. വിനീതിനെ കൂടാതെ പ്രണവ്, ശ്രീജിത്ത്, വിജിത് എന്നിവർക്കും കൊലപാതകത്തിൽ പങ്കുള്ളതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരത്ത് വിവാഹ വീട്ടിൽ ബോംബ് ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതിയാണ് കുര്യൻ വിനീത്.
കഠിനംകുളം എസ്‌ഐ ചന്ദദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലഹരി മാഫിയ ആറ്റിങ്ങൽ മേഖലയിൽ വ്യാപകമാണെന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു. ലഹരി മാഫിയയെ സഹായിച്ചെന്ന ആരോപണത്തിൽ ആറ്റിങ്ങൽ സിഐ ആയിരുന്ന തൻസീർ മുഹമ്മദിനെതിരെ അടുത്തിടെ വകുപ്പുതല നടപടിയും ഉണ്ടായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്