- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചട്ടം ലംഘിച്ച് എയർപോർട്ടിനരികെ ബഹുനില വാണിജ്യ സമുച്ചയം; കോർപ്പറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറും കെട്ടിട ഉടമയുമടക്കം 4 പ്രതികൾ ഹാജരാകാൻ വിജിലൻസ് കോടതി ഉത്തരവ്
തിരുവനന്തപുരം : ചട്ടം ലംഘിച്ച് എയർ പോർട്ടിനരികെ ബഹുനില വാണിജ്യ സമുച്ചയം നിർമ്മിച്ച കേസിൽ കോർപ്പറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറും കെട്ടിട ഉടമയുമടക്കം 4 പ്രതികൾ ഹാജരാകാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണുത്തരവ്.
ഒന്നു മുതൽ നാലുവരെ പ്രതികളായ തിരുവനന്തപുരം ഫോർട്ട് സോണൽ ഓഫീസ് പബ്ലിക് വർക്‌സ് ഓവർസിയർ എസ്.കെ.സനൽകുമാർ , കോർപ്പറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയർ സി.എം.സുലൈമാൻ , വ്യാപാര സമുച്ചയ ഉടമകളായ പട്ടം കുമാരപുരം സ്വദേശികളായ പ്രസാദ് തോമസ് മാത്യു, മകൾ സിസി.പി .തോമസ് എന്നിവരാണ് ഹാജരാകേണ്ടത്. വിജിലൻസ് ജഡ്ജി രാജകുമാരയാണ് പ്രതികൾ ഡിസംബർ 14 ന് ഹാജരാകാൻ ഉത്തരവിട്ടത്.
ഒന്നും രണ്ടും പ്രതികളായ പൊതു സേവകർ തങ്ങളുടെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് മൂന്നും നാലും പ്രതികളുമായി 1999 ലെ കേരള മുൻസിപ്പൽ ബിൽഡിങ് റൂൾസിലെ വ്യവസ്ഥകൾ ലംഘിച്ച് ഗൂഢാലോചന നടത്തി നൽകിയ പെർമിറ്റ് രണ്ടു പ്രാവശ്യം പുതുക്കി നൽകി. അപ്രകാരം എയറോഡ്രോം റെഫറൻസ് പോയിന്റിൽ നിന്നും 2.438 കി.മി സെറ്റ്ബാക്ക് അകലത്തിൽ കെട്ടിടങ്ങൾക്ക് ബിൽഡിങ് പെർമിറ്റ് കൊടുക്കാൻ പാടില്ലായെന്ന നിയമം നിലവിലിരിക്കെ 1.24 കി.മി. അകലത്തിലുള്ള കെട്ടിടത്തിന് ബിൽഡിങ് പെർമിറ്റ് നൽകി.
പെർമിറ്റ് നൽകും മുമ്പ് എയർപോർട്ട് അഥോറിറ്റിയുടെ എൻ ഒ സി (നിരാക്ഷേപ പത്രം) വേണമെന്ന കെ എം ബി ആർ 1999 ലെ 32 (2) ചട്ടവും കാറ്റിൽ പറത്തി.
തുടർന്ന് പ്രതികളുടെ നിയമ വിരുദ്ധ പ്രവൃത്തികൾ മറച്ചു വക്കാൻ തിരുവനന്തപുരം കോർപ്പറേഷനിലെ ബന്ധപ്പെട്ട ഫയലുകളിൽ കൃത്രിമങ്ങൾ ചെയ്തു. കോർപ്പറേഷൻ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി കെട്ടിട ഉടമ 7 നിലകളുള്ള ബഹു നില വ്യാപാര സമുച്ചയം നിർമ്മിച്ചുവെന്നും നിയമവിരുദ്ധ ബിൽഡിങ് പെർമിറ്റ് നേടുകയും ചെയ്തത് വഴി കെട്ടിട നിർമ്മാണത്തിലൂടെ പ്രതിഫലമായ സാമ്പത്തിക നേട്ടം ആസ്വദിക്കാൻ മൂന്നും നാലും പ്രതികളെ അനുവദിച്ച് അഴിമതി നിരോധന നിയമത്തിലെ കുറ്റകൃത്യങ്ങളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ക്രിമിനൽ ഗൂഢാലോചന , രേഖകൾ ഒളിച്ചുവയ്ക്കൽ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നാണ് വിജിലൻസ് കേസ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്