തിരുവനന്തപുരം: പേട്ട പൊലീസിനെ ഇതരസംസ്ഥാന തൊഴിലാളികൾ ആക്രമിച്ച് നരഹത്യ ചെയ്യാൻ ശ്രമിച്ച കേസിൽ ബംഗാളികളടക്കമുള്ള 6 പ്രതികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. നവംബർ 30 നകം പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പേട്ട സർക്കിൾ ഇൻസ്‌പെക്ടറോട് മജിസ്ട്രേട്ട് എൽസാ കാതറിൻ ജോർജ് ഉത്തരവിട്ടു.

2020 മെയ് ഞായറാഴ്ചയാണ് സംഭവം നടന്നത്. ഒരുവാതിൽക്കോട്ടയിലെ ലേബർ ക്യാമ്പിലെ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കു മടങ്ങാൻ സൗകര്യം ഒരുക്കണമെന്നാവശ്യവുമായി പ്രതിഷേധിച്ചു. ഇവരോട് ക്യാമ്പുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട പൊലീസുകാർക്കു നേരെ കല്ലുകളും സിമന്റ് കട്ടകളും വലിച്ചെറിയുകയായിരുന്നു. പേട്ട സിഐ. ഗിരിലാലിനും പൊലീസ് ഡ്രൈവർ ദീപു, ഹോംഗാർഡ് അശോകൻ എന്നിവർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ 14 മറുനാടൻ തൊഴിലാളികളെയാണ് അറസ്റ്റു ചെയ്തത്.

പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡിഷ, യു.പി. സ്വദേശികളായ ജഹാംഗീർ ആലം, ഉമേഷ് പ്രസാദ് ഗുപ്ത, കൽദേവ് ദാസ്, ബാബു സോറൻ, സുനിൽ കോർവ, വീരേന്ദ്ര കോർവ, അബ്ദുൾ മാലിക്, സിക്കന്തർ യാദവ്, വിജയ് യാദവ്, ശംഭു യാദവ്, സന്തോഷ് കുമാർ, ശംബു യാദവ്, ദീപക് പ്രസാദ്, സന്തോഷ് എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റുചെയ്തത്. പേട്ട എസ്‌ഐ. പി.രതീഷിന്റെ നേതൃത്വത്തിൽ ക്രൈം എസ്‌ഐ. ഗോപകുമാർ, എഎസ്ഐ.മാരായ അശോകൻ, സുനിൽരാജ്, സന്തോഷ്, പ്രഭാത്, സി.പി.ഒ.മാരായ പ്രവീൺ, ബിനു, സജിരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.