തിരുവനന്തപുരം: ചിത്രങ്ങൾ പകർത്താൻ ലൊക്കേഷൻ കാണിച്ചുനൽകാമെന്ന പേരിൽ വിളിച്ചു വരുത്തി ഫോട്ടോഗ്രാഫറെ മർദിച്ച് കാറും ഐഫോണും തൊണ്ണൂറായിരം രൂപയും കവർച്ച ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒക്ടോബർ 24 മുതൽ ജയിലിൽ കഴിയുന്ന രണ്ടാം പ്രതി വട്ടിയൂർക്കാവ് ഹരിതനാഗർ സ്വദേശി നിതിൻ സുരേഷ് (28), നാലാം പ്രതി കോട്ടയം ആർപ്പൂക്കര സ്വദേശി സേതുലക്ഷ്മി (30) എന്നിവർക്കാണ് ജാമ്യം നൽകിയത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.

എല്ലാ ചൊവ്വയും ശനിയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ രണ്ടാം പ്രതി നിതിൻ സുരേഷ് ഹാജരായി ഒപ്പിടണം. 50,000 രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യബോണ്ടും വീതം കോടതിയിൽ ഹാജരാക്കണം. ഒരു ജാമ്യക്കാരൻ പ്രതിയുടെ ഏറ്റവും അടുത്ത ബന്ധുവായിരിക്കണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പാടില്ല. അന്വേഷണവുമായി സഹകരിക്കണം. ജാമ്യക്കാലയളവിൽ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുത്. ഏതെങ്കിലും വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുപ്പെടും എന്നീ കർശന ഉപാധികളോടെയാണ് മജിസ്ട്രേട്ട് എൽസാ കാതറിൻ ജോർജ് ജാമ്യം അനുവദിച്ചത്.

ഒക്ടോബർ 23 തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്കാണ് സംഭവം നടന്നത്.ഒന്നാം പ്രതി ഉണ്ണികൃഷ്ണന്റെ ഭാര്യയോട് പരാതിക്കാരനുള്ള സൗഹൃദത്തിന്റെ വിരോധത്താൽ പ്രതികൾ അവരുടെ പൊതു ഉദ്ദേശ്യത്തോടെ സേതുലക്ഷ്മി യുവാവിനെ ഫോട്ടോഗ്രാഫി വർക്കുണ്ടെന്ന് പറഞ്ഞ് കുമാരപുരം മുറിഞ്ഞപാലം ജങ്ഷനു സമീപം ഇടറോഡിൽ വിളിച്ചു വരുത്തി. യുവാവ് തന്റെ കാറിൽ അവിടെ എത്തിയപ്പോൾ മൂന്നു പ്രതികൾ യുവാവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും അതേ കാറിൽ ബലം പ്രയോഗിച്ച് യുവാവിനെ ഉള്ളൂർ ഭാഗത്തേക്ക് കൊണ്ടുപോയി. ഉള്ളൂർ ജംഗ്ഷന് സമീപം കാർ എത്തിയപ്പോൾ യുവാവ് കാറിന്റെ ഡോർ തുറന്ന് ചാടി രക്ഷപ്പെട്ടു. പ്രതികൾ യുവാവിന്റെ കാറും ഒരു ലക്ഷം രൂപ വിലവരുന്ന ഐ ഫോണും തൊണ്ണൂറായിരം രൂപയും കവർച്ച ചെയ്തുവെന്നാണ് കേസ്.
ഉണ്ണികൃഷ്ണൻ , നിതിൻ സുരേഷ് , സേതുലക്ഷ്മി എന്നിവരെ ഒക്ടോബർ 24 ന് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റു ചെയ്തു.