തിരുവനന്തപുരം: മണക്കാട് ഫോർട്ട് കൂട്ടായ്മ കവർച്ചാ കേസിൽ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടയും കാപ്പാ കേസ് പ്രതിയുമായ 'കരുമാടിക്കുട്ടൻ' എന്ന സജിത്തടക്കം 3 പ്രതികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയായ അസി.സെഷൻസ് കോടതിയുടേതാണുത്തരവ്.

സജിത്തടക്കം 3 പ്രതികളെ സിസംബർ 20 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ സബ് ജഡ്ജി ജി. ഹരീഷ് ഫോർട്ട് പൊലീസ് അസി.കമ്മീഷണറോടു അരവിട്ടു. മണക്കാട് കരിമഠം കോളനിയിൽ ടി.സി. 39/1832ൽ ഹൗസ് നമ്പർ 140ൽ ഹമീദിന്റെ മകൻ കരുമാടിക്കുട്ടനെന്ന സജിത്ത് (22) , സനോഫർ , ഷാനവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. നാലാം പ്രതി അജിത് കോടതിയിൽ ഹാജരായിരുന്നു.
2018 ലാണ് സംഭവം നടന്നത്.

മണക്കാട് സ്വദേശിയെ മർദ്ദിച്ച് ദേഹോപദ്രവമേൽപ്പിച്ച് സ്വർണ്ണമാല കവർന്ന കേസിലാണ് കോടതി വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. 2015 - 2018 മൂന്നു വർഷക്കാലയളവിൽ 94 കാരിയെ ഭീഷണിപ്പെടുത്തി കമ്മൽ പറിച്ചെടുത്ത കേസ്, യുവതിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും എതിർത്തപ്പോൾ വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കുകയും ചെയ്ത കേസ് , തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ജീവനക്കാരെ ആക്രമിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസും ഇയാൾക്കെതിരെയുള്ളതായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. 2018 ഡിസംബർ 21 ന് ഗുണ്ടാ ആക്റ്റ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ജീവനക്കാരെ ആക്രമിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിലാണ് സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2015 -18 മൂന്നു വർഷത്തിനുള്ളിൽ നാല് മേജർ കേസുകളിൽ പ്രതിയായ ഇയാളെ ജില്ലാ കളക്ടറുടെ കാപ്പാ കരുതൽ തടങ്കൽ അറസ്റ്റ് ഉത്തരവ് പ്രകാരമാണ് പിടികൂടിയത്.

പ്രായപൂർത്തിയാകും മുമ്പും നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. ഫോർട്ട് അസി. കമ്മിഷണർ ദിനിൽ, ഇൻസ്പെക്ടർ അജിചന്ദ്രൻ, എസ്‌ഐ ഷാജിമോൻ, ഇ.എസ്‌ഐ ഫ്രാൻസോ, പൊലീസുകാരായ ബിജു, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റ് ചെയ്തത്. 2015 ൽ നടന്ന ഫോർട്ട് കവർച്ചാ കേസിൽ സജിത് , സമീർ , രഞ്ജിത് എന്നിവർക്കെതിരെ തിരുവനന്തപുരം നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ശ്വേതാ ശശികുമാർ മുമ്പാകെ വിചാരണ ആരംഭിച്ചു. സാക്ഷികളെ നവംബർ 17 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.