- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹത്തിൽ നിന്ന് മാല മോഷ്ടിച്ച കേസിൽ ജീവനക്കാരിയെ ഹാജരാക്കണം
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹത്തിൽനിന്ന് സ്വർണ്ണ മാല മോഷ്ടിച്ച കേസിൽ പ്രതിയായ ജീവനക്കാരിയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതിയായ ആശുപത്രി ഗ്രേഡ് 2 അറ്റൻഡർ പന്തളം സ്വദേശിനി ജയലക്ഷ്മിയെ (35) ആണ് ഹാജരാക്കേണ്ടത്.
പ്രതിയെ നവംബർ 24 ന് ഹാജരാക്കാൻ എസിജെഎം എൽസാ കാതറിൻ ജോർജ് സിറ്റി മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു. 2020 ലാണ് സംഭവം നടന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയുടെ മൃതദേഹത്തിൽ നിന്ന് ഒന്നര പവന്റെ മാല മോഷ്ടിച്ചുവെന്നാണ് കേസ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് മന്ത്രി കെ.കെ. ശൈലജ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷനും അന്വേഷണത്തിന് നിർദ്ദേശം നൽകി. സംഭവ ദിവസം വെള്ളിയാഴ്ച രാവിലെയാണ് മാല മോഷണം പോയത്. കുടുംബവഴക്കിനെതുടർന്ന് വിഷം കഴിച്ചതിനാൽ, തലേന്ന് വ്യാഴാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണക്കാട് താമസിക്കുന്ന രാധ (27) വെള്ളിയാഴ്ച രാവിലെ മരണമടഞ്ഞിരുന്നു. നടപടികൾ പൂർത്തിയാക്കി പിറ്റേന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ് യുവതിയുടെ കഴുത്തിൽക്കിടന്ന മാല നഷ്ടപ്പെട്ടത് അറിഞ്ഞത്.
തുടർന്ന് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. സ്റ്റേഷൻ എസ്. ഐ ആർ.എസ്. ശ്രീകാന്ത് സ്ഥലത്തെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യംചെയ്തെങ്കിലും ആരും കുറ്റം സമ്മതിച്ചില്ല. എന്നാൽ, കൂടുതൽ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ജയലക്ഷ്മി കുറ്റം സമ്മതിക്കുകയായിരുന്നു. മാസങ്ങൾക്കു മുമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ 4500 രൂപ മോഷ്ടിച്ചതും ഇവർ സമ്മതിച്ചയായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. സി.പി.ഒ ബൈജു, വനിത കോൺസ്റ്റബിൾമാരായ ഷംല, എലിസബത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. മൃതദേഹത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ട്, സിഐ എന്നിവരോട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർേദശിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്