- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജപ്പുര ബാറിൽ തർക്കത്തെ തുടർന്നുണ്ടായ കൊലപാതകം; പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം : പൂജപ്പുര ബാറിൽ വച്ചുണ്ടായ കളിയാക്കലിനെ തുടർന്നുള്ള വാക്ക് തർക്കത്തിൽ പൂന്തുറ പോസ്റ്റോഫീസിലെ പോസ്റ്റൽ അസിസ്റ്റന്റായ മാവേലിക്കര സ്വദേശി പി.പ്രദീപിനെ അടിച്ചുകൊന്ന കേസിൽ പ്രതികളെയും 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.
ചോദ്യം ചെയ്യലും തൊണ്ടി മുതലുകൾ വീണ്ടെടുത്തും പ്രതികൾ കൃത്യസമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ വീണ്ടെടുത്തും പ്രതികളുടെ രക്ത പരിശോധനയടക്കമുള്ള തെളിവു ശേഖരണത്തിനും ശേഷം 18 ന് വൈകിട്ട് 5 മണിക്കകം പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കാനും എസിജെഎം എൽസാ കാതറിൻ ജോർജ് പൂജപ്പുര സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടു.
കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി തൃക്കണ്ണാപുരം സൊസൈറ്റി റോഡ് സ്വദേശി രതീപ് (35), രണ്ടാം പ്രതി വിജയമോഹിനി മില്ലിന് സമീപം അനൂപ് (31), മൂന്നാം പ്രതി തിരുമല സ്വദേശി കട്ടയും പടവും എന്ന അരുൺ (31),നാലാം പ്രതി സൊസൈറ്റി റോഡ് സ്വദേശി ജെറിൻ (35), രാജേഷ് , ഷംനാദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു കസ്റ്റഡിയിൽ വിട്ടത്.
നവംബർ 9 രാത്രിയിലാണ് സംഭവം നടന്നത്. പൂജപ്പുരയിലെ ബാറിൽ സ്ഥിരമായെത്താറുള്ള പ്രദീപ് മദ്യപിച്ചശേഷം താമസിക്കുന്ന ഹിൽവ്യൂ ഹോട്ടലിലേക്ക് നടന്നായിരുന്നു പോകാറുള്ളത്. സംഭവ ദിവസം സഹോദരൻ പ്രമോദും പ്രദീപിനൊപ്പമുണ്ടായിരുന്നു. കുറേ നാളുകൾക്ക് ശേഷം പ്രദീപിനെ കാണാൻ മുംബയിൽ നിന്നെത്തിയതായിരുന്നു പ്രമോദ്.
സംഭവദിവസം രാത്രി 9.30 ഓടെ ഇരുവരും പൂജപ്പുരയിലെ ബാറിലെത്തി. കുറച്ചുസമയം കഴിഞ്ഞ് സംഭവത്തിൽ പ്രതികളായ ആറുപേർ ബാറിലെത്തി ഇവരുടെ സീറ്റിന് സമീപത്തിരുന്ന് മദ്യപിച്ചു. മദ്യപിക്കുന്നതിനിടെ പ്രമോദും പ്രദീപും പ്രതികളുമായി സൗഹൃദ സംഭാഷണം നടത്തിയിരുന്നു. സംഭാഷണത്തിനിടെ പ്രമോദ് മുംബയിലാണ് ജോലി ചെയ്യുന്നതെന്ന് അവരോട് പറഞ്ഞിരുന്നു. രാത്രി 11ന് ബാർ അടച്ചപ്പോൾ ഇരുസംഘങ്ങളും ബാർ കോമ്പൗണ്ടിൽ നിന്ന് വീണ്ടും സംസാരിച്ചു. മരിച്ച പ്രദീപിനോട് ഒന്നാം പ്രതി രതീപ് 'നീയും നിന്റെ അനുജനും ബോംബെയിലെ ഡോണുകളാണോടാ 'എന്ന് ചോദിച്ചു കളിയാക്കി. പ്രദീപ് തിരികെ ദേഷ്യപ്പെട്ടതോടെ രൂക്ഷമായ വാക്കേറ്റവും അസഭ്യം വിളിയുമായി.
സഹോദരൻ പ്രമോദ് ഇടപെട്ടാണ് പ്രദീപിനെയും കൊണ്ട് ബാറിന് പുറത്തിറങ്ങി ലോഡ്ജിലേക്ക് നടന്ന് 400 മീറ്റർ അകലെയുള്ള യൂണിയൻ ബാങ്കിന് മുൻവശത്ത് ഇരുവരും എത്തിയപ്പോൾ പ്രതികളായ ആറുപേർ ഓട്ടോയിലും ബൈക്കിലുമായി പിന്തുടർന്നെത്തി ഇവരെ തടഞ്ഞു. ഒന്നാം പ്രതി രതീപ് 'നീ എന്നോട് ഉടക്കാറായോ നിന്നെ തീർത്തു കളയും ' എന്ന് ആക്രോശിച്ച് പ്രമോദിനെയും പ്രദീപിനെയും വളഞ്ഞിട്ട് മർദ്ദിക്കാൻ തുടങ്ങി. ഒരാളെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു. കലിയടങ്ങാത്ത രതീപ് പ്രദീപിനെ ഉയർത്തിയെടുത്ത് തറയിലടിച്ചു. ശക്തിയായി തലയിടിച്ചതിന്റെ ആഘാതത്തിൽ പ്രദീപിന്റെ ബോധം പോയി. രക്തം വാർന്നൊഴുകുന്നതു കണ്ട് പ്രതികൾ രക്ഷപ്പെട്ടു.
പരിക്കേറ്റ പ്രദീപും പ്രമോദും പുലർച്ചെ നാലു വരെ ബാങ്കിനു മുന്നിൽ കിടന്നു. ബോധം വന്നപ്പോൾ പ്രമോദാണ് സഹോദരൻ രക്തത്തിൽ കുളിച്ച് കിടക്കുന്നത് പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുന്നത്. തന്നെയും സഹോദരനെയും ഒരുസംഘം മർദ്ദിച്ചെന്നും സഹോദരന് അനക്കമില്ലെന്നും പ്രമോദ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. 10 മിനിട്ട് കഴിഞ്ഞ് കൺട്രോൾ റൂം വാഹനവും അതുകഴിഞ്ഞ് പൂജപ്പുര സ്റ്റേഷനിലെ വാഹനവുമെത്തി.
അബോധാവസ്ഥയിൽ കിടക്കുന്ന പ്രദീപിനെ പൊലീസ് പരിശോധിച്ചപ്പോൾ അനക്കമുണ്ടായിരുന്നില്ല. തുടർന്ന് ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയോട്ടിയിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ബാങ്കിന് മുൻവശത്തെ ഇന്റർലോക്ക് തറയിലാണ് പ്രദീപിന്റെ തലയുടെ പിറകുവശം ശക്തമായി ഇടിച്ചത്. തുടർന്ന് തലയോട്ടിയുടെ പിറകുഭാഗത്ത് വലിയ ക്ഷതം സംഭവിച്ച് രക്തം കട്ടപിടിച്ചിരുന്നു. അടിയേറ്റ് 10 മിനിട്ടിനകം മരണം സംഭവിച്ചെന്നാണ് വിലയിരുത്തൽ. പ്രദീപിന്റെ വയറ്റിൽ ആഞ്ഞ് ചവിട്ടിയതിന്റെ പാടുമുണ്ടായിരുന്നു. അടിയേറ്റ് മൂന്ന് മണിക്കൂറോളമാണ് പ്രദീപ് റോഡിൽ കിടന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്