തിരുവനന്തപുരം: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്ത് ഇടപാടുകാരിൽ നിന്ന് 447.63 കോടി രൂപ വഞ്ചിച്ചെടുത്ത ലിസ് ദീപസ്തംഭം തട്ടിപ്പ് കേസിൽ വിചാരണ തുടങ്ങി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. ലിസ് ദീപസ്തംഭം ചെയർമാൻ പി.വി.ചാക്കോ അടക്കം 7 പ്രതികളാണ് വിചാരണ നേരിടുന്നത്.

2 സാക്ഷികളെ സിജെഎം ഷിബു ഡാനിയേൽ വിസ്തരിച്ചു. എഫ് ഐ ആറും (പ്രഥമ വിവര റിപ്പോർട്ടും) എഫ് ഐ എസും (പ്രഥമ വിവര മൊഴിയും) ഒന്നും രണ്ടും കോടതി രേഖകളാക്കി തെളിവിൽ സ്വീകരിച്ചു. മൂന്നു മുതൽ 5 വരെയുള്ള സാക്ഷികൾ ഡിസംബർ 14 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നോടിയായി പി.വി.ചാക്കോയടക്കം 7 പ്രതികൾക്ക് മേൽ കഴിഞ്ഞ ദിവസം കോടതി കുറ്റം ചുമത്തിയിരുന്നു.

ലിസ് ചെയർമാൻ പാലക്കൽ വീട്ടിൽ പി.വി.ചാക്കോ, ലിസ് മാനേജിങ് ട്രസ്റ്റി എറണാകുളം എളംകുളം പാലക്കൽ വീട്ടിൽ കുര്യാച്ചൻ ചാക്കോ, പാർട്ണർമാരായ വൈക്കം മാഞ്ഞൂർ മേമുറി പാലക്കൽ വീട്ടിൽ അച്ചാമ്മ ചാക്കോ, ചങ്ങനാശേരി മാടപ്പള്ളി പൗവത്തിൽ വീട്ടിൽ ലിനു ജോയി, മരിയ ആൻഡ് മരിയ ലോട്ടറി ഏജൻസി ഉടമ എറണാകുളം പനമ്പിള്ളി നഗ4 പാലക്കൽ വീട്ടിൽ നിതാ കുര്യാച്ചൻ, ലിസ് പ്രിന്റേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സ് പാർട്ണർ ചങ്ങനാശേരി മാടപ്പള്ളി അസംപ്ഷൻ ചർച്ച് റോഡിൽ പൗവത്തിൽ വീട്ടിൽ ജോയ് ജോൺ പൗവ്വത്തിൽ , 2006 കാലയളവിലെ കഴക്കൂട്ടം ബ്രാഞ്ച് മാനേജർ ഫ്രാങ്ക്‌ലിൻ മോസസ് എന്നിവരാണ് ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ. 2006 ൽ കഴക്കൂട്ടം കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിലാണ് വിചാരണ തുടങ്ങിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 423 (സ്വത്തുവകകൾ അന്യായമായി ഉപയോഗിക്കൽ), 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ) , പ്രൈസ് മണി ചിറ്റ്‌സ് ആൻഡ് മണി ലെൻഡിങ് സ4ക്കുലേഷൻ സ്‌കീം (ബാനിങ് ) ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്ക് മേൽ ചുമത്തിയത്. നിക്ഷേപകരിൽനിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ പ്രതികൾ അവരുടെ ബന്ധുക്കളുടെ പേരിൽ എറണാകുളത്തെ വിവിധ സ്ഥലങ്ങളിൽ ഭൂസ്വത്തുക്കൾ വാങ്ങാൻ വിനിയോഗിച്ചെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിനുപുറമെ ലിസ് പ്രവ4ത്തനം നി4ത്തിയ ശേഷം തുക ജ്യോതിസിലേക്ക് മാറ്റിയതായും പൊലീസ് കുറ്റപത്രത്തിൽ ആരോപണമുണ്ട്.

2002 നവംബ4 26 ന് ഒന്നാം പ്രതി മാനേജിങ് ട്രസ്റ്റിയായും രണ്ടും മൂന്നും പ്രതികൾ പാർട്ണർമാരുമായാണ് ലിസ് നിലവിൽ വന്നത്. തുടർന്ന് അച്ചാമ്മ ചാക്കോയുടെ പേരിൽ എറണാകുളം എം.ജി റോഡിൽ ലിസിന്റ പേരിൽ സ്ഥാപനം രജിസ്റ്റർ ചെയ്തു. ലിസ് ദീപസ്തംഭം ലോട്ടറിയുടെയും ത്രികാലം കൊളാഷിന്റെ വരിസംഖ്യ എന്ന പേരിലാണ് തുടക്കത്തിൽ തുക സ്വീകരിച്ചത്. പിന്നീട് അക്യുമുലേറ്റഡ് ഇൻകം പ്രോജക്ട് (എ.ഐ.പി), മന്ത്‌ലി ഇൻകം പ്രോജക്ട് (എം.ഐ.പി) എന്നീ പേരുകളിൽ 650, 5000 രൂപയുടെ യൂനിറ്റുകളിൽ പണം നിക്ഷേപിപ്പിച്ചാണ് വൻ തുക പിരിച്ചെടുത്തത്.

നിക്ഷേപിക്കുന്ന തുക കാലക്രമേണ ഇരട്ടിക്കും എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ച് മണി ചെയിൻ മാതൃകയിലായിരുന്നു പ്രവർത്തനം. തങ്ങൾ നടത്തുന്ന സംവിധാനത്തിലൂടെ പണം തിരികെ നൽകാൻ കഴിയില്ലെന്ന വിശ്വാസമുണ്ടായിട്ടും പ്രതികൾ പണം സ്വീകരിച്ച് വഞ്ചന നടത്തിയതായാണ് കുറ്റപത്രത്തിലെ ആരോപണം. കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥനും ഇന്റലിജൻസ് എ.ഡി.ജി.പിയുമായ ടി.പി. സെൻകുമാറാണ് കേസിലെ ഒന്നാം സാക്ഷി. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പുനരന്വേഷണത്തിൽ 2005 -2006 കാലഘട്ടത്തിൽ എറണാകുളം ജില്ലാ കമേഴ്‌സ്യൽ ടാക്‌സ് ഇൻസ്‌പെക്ടിങ് അസി.കമീഷണർ തോമസ് അലക്‌സ്, ജില്ലാ ചിട്ടി ഇൻസ്‌പെക്ടർ ജോയ്‌സി, ലോട്ടറി ഡയറക്ടർ എ. ഷാജഹാൻ, ജില്ലാ രജിസ്ട്രാർ എ.ജി. വേണുഗോപാൽ എന്നിവരിൽനിന്ന് മൊഴി ശേഖരിച്ചതായാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സി - ഡാക്കിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി. രജിസ്ട്രാറുടെ മൊഴിയിൽ നിന്നാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്.