- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യവകുപ്പിന്റെ പേരിൽ ജോലി തട്ടിപ്പ്; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ 4 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം : ആരോഗ്യവകുപ്പിന്റെ പേരിൽ ജോലി തട്ടിപ്പ് നടത്തിയ
കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ 4 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണുത്തരവ്. ഡിസംബർ 6 മുതൽ റിമാന്റിലായ പ്രതിയെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്. പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരിക്കാനായാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്.
ആരോഗ്യവകുപ്പിന്റെ വ്യാജ സീലും ലെറ്റർഹെഡും നിർമ്മിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് റിമാന്റ് റിപ്പോർട്ടിലും കസ്റ്റഡി അപേക്ഷയിലും പറയുന്നത്.
കോട്ടയം ജില്ല ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ്് യുവതിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിലായത്. പത്തനംതിട്ട സ്വദേശി അരവിന്ദ് വെട്ടിക്കൽ (29) ആണ് ആരോഗ്യവകുപ്പിന്റെ പേരിൽ നിയമനത്തട്ടിപ്പ് നടത്തിയത്. പ്രതിയെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഡിസംബർ 6 നാണ് കസ്റ്റഡിയിലെടുത്തത്. റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ തട്ടിയെടുത്തത് അര ലക്ഷം രൂപയെന്നാണ് കേസ്.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് അരവിന്ദിനെതിരെ പൊലീസ് കേസെടുത്തത്. ആലപ്പുഴ ചിങ്ങോലി സ്വദേശിനിയായ യുവതിയിൽ നിന്ന് കോട്ടയം ജില്ല ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതി അര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ആരോഗ്യവകുപ്പിന്റെ വ്യാജ സീലും ലെറ്റർഹെഡും നിർമ്മിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. സെക്ഷൻ ഓഫീസർ എന്ന വ്യാജേന ഒപ്പിട്ട് നിയമന ഉത്തരവും ഇയാൾ നൽകിയിരുന്നു. തുടർന്ന് ജനുവരി 17ന് ജോലിക്കു ഹാജരാകണമെന്ന് കാണിച്ച് യുവതിക്ക് കത്തും കൈമാറി. തുടർന്ന് ജോലിക്ക് എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്.
അരവിന്ദ് കൈമാറിയ കത്തിന്റെ പകർപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ പരാതി നൽകുകയായിരുന്നു. വഞ്ചന കുറ്റമാണ് പ്രതിക്ക് മേൽ ചാർത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്