- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ സീൽ നിർമ്മിച്ച് വായ്പ തട്ടിപ്പ്; പ്രതി മിനിക്ക് പ്രൊഡക്ഷൻ വാറണ്ട്; മുദ്രലോണിന്റെ പേരിൽ തട്ടിച്ചത് 50 ലക്ഷവും 45 പവൻ സ്വർണവും
തിരുവനന്തപുരം : വ്യാജ സീലുകളും നോട്ടീസുകളും നിർമ്മിച്ച് സ്വയം സംഘത്തിന്റെ പേരിൽ വൻ വായ്പാ തട്ടിപ്പ് നടത്തിയ ഫോർട്ട് വായ്പാ തട്ടിപ്പു കേസിൽ പ്രതി മിനിക്ക് പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേ
താണുത്തരവ്. വട്ടപ്പാറ വായ്പാ തട്ടിപ്പു കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയെ ഡിസംബർ 16 ന് ഹാജരാക്കാൻ അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ടിനോട് മജിസ്‌ട്രേട്ട് പി. അരുൺകുമാർ ഉത്തരവിട്ടു. മുദ്രലോൺ തട്ടിപ്പ് 50 ലക്ഷം രൂപയും 45 പവൻ സ്വർണ്ണവും തട്ടിയ കേസിൽ വട്ടപ്പാറ പൊലീസ് കഴിഞ്ഞാഴ്ച മിനിയെ അറസ്റ്റ് ചെയ്ത് നെടുമങ്ങാട് കോടതിയുടെ റിമാന്റിൽ പ്രതി ജയിലിൽ കഴിയുകയാണ്. പ്രതിയായ വട്ടപ്പാറ തേക്കിൻകോട് രേവതി ഭവനിൽ മിനി (43) യെ ആണ് ഹാജരാക്കേണ്ടത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒരുമ സ്വയം സഹായ സംഘമെന്ന പേരിൽ കുടുംബശ്രീയിലേയും തൊഴിലുറപ്പിലേയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ലോൺ നൽകാമെന്ന് വിശ്വസിച്ച് പണം വാങ്ങി ഇവർ തട്ടിപ്പ് നടത്തിയതായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. 2020 ൽ ഫോർട്ട് പൊലീസ് മിനിയെ അറസ്റ്റ് ചെയ്തിരുന്നു.
വിവാഹം , വീട് നിർമ്മാണം എന്നിവയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ സമീപിച്ച് ലോൺ നൽകാമെന്ന് അറിയിക്കും. തുടർന്ന് ഒരു ലക്ഷം വേണ്ടവരിൽ നിന്നും 12,000 രൂപയും 2 ലക്ഷത്തിന് 24,000 രൂപയും 5 ലക്ഷത്തിന് 60,000 രൂപയും വാങ്ങും. ആവശ്യക്കാരുടെ ഫോട്ടോകൾ, തിരിച്ചറിയൽ രേഖകളുടെ കോപ്പി , ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവയും വാങ്ങും.
പിന്നാലെ ലോൺ അനുവദിച്ചതായി കാണിച്ച് ഒരുമ സ്വയം സഹായ സംഘത്തിന്റെ പേരിൽ വ്യാജ സീലുകൾ പതിച്ച് സെക്രട്ടറി , പ്രസിഡന്റ് ഒപ്പിട്ട് ചെക്കുകൾ നൽകി കടന്നു കളയും. സ്ഥിരമായി തട്ടിപ്പ് തുടർന്ന് ഇവർ പിടിക്കപ്പെടുമെന്ന് തോന്നിയതോടെ പണം വാങ്ങിയവർക്ക് ധനമന്ത്രി നേരിട്ട് നന്തൻകോട് സുമംഗലി ഓഡിറ്റോറിയത്തിൽ വച്ച് 2019 മെയ് 18ന് ലോൺ വിതരണം ചെയ്യുമെന്ന് വ്യാജ നോട്ടീസ് അടിച്ചിറക്കി.
മന്ത്രിയുടെയും കരകുളം പഞ്ചായത്ത് അധികൃതരുടെയും പേരിൽ ഇറക്കിയ നോട്ടീസ് ഉപയോഗിച്ച് വീണ്ടും പണം കൈക്കലാക്കി. ഇതിന് പിന്നാലെയാണ് തട്ടിപ്പിന് ഇരയായവർ ഫോർട്ട്, വട്ടപ്പാറ, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയത്. 2020 ൽ ഫോർട്ട് വായ്പാ തട്ടിപ്പു കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും തട്ടിപ്പ് നടത്തി
2023 ഡിസംബറിൽ വട്ടപ്പാറ ലോൺ തട്ടിപ്പു കേസിൽ അറസ്റ്റിലാവുകയായിരുന്നു.
നിരവധി പേരിൽ നിന്നായി 50 ലക്ഷം രൂപയും 45 പവൻ സ്വർണവും തട്ടിയെടുത്ത കേസിലാണ് വട്ടപ്പാറ അറസ്റ്റ്. വെട്ടിനാട് സ്വദേശികളായ കിരൺ, അരുൺ, റസിയ, സുരേഷ്, എന്നിവരിൽ നിന്ന് രണ്ട് ലക്ഷം രൂപയും മണ്ണന്തല മുക്കോല സ്വദേശി അഭയകുമാറും സുഹൃത്തുക്കളും ചേർന്ന് വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപയും മിനി തട്ടിയെടുത്തു. എട്ട് മാസം മുമ്പ് വിവാഹിതനായ അരുൺ കഴിഞ്ഞ ആഴ്ചയാണ് ആത്മഹത്യ ചെയ്തത്. നിർമ്മാണ കരാറുകാരനായ അരുണിന് വൻ തുക വായ്പ നൽകാമെന്ന് പറഞ്ഞാണ് മിനി പണം മുൻകൂറായി വാങ്ങിയത്. സഹോദരൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് കടം വാങ്ങിയ പണം തിരിച്ചടയ്ക്കാനാകാത്തതിന്റെ സങ്കടത്തിലാണ് അരുൺ ജീവനൊടുക്കിയത്.
മൈലാടുംപാറ കാച്ചാണി സ്വദേശിനി അനിതയിൽ നിന്ന് 45 പവൻ സ്വർണവും കാൻസർ ബാധിതയായ മകളുടെ നില ഗുരുതരമാണെന്ന് പറഞ്ഞ് വെങ്കോട് സ്വദേശി മനേക് ഷായിൽ നിന്ന് 17 ലക്ഷം രൂപയും പ്രതികൾ തട്ടിയെടുത്തു. പ്രതിയുടെ ഉടമസ്ഥതയിലുള്ള വട്ടപ്പാറയിലെ വസ്തു വിൽക്കാനെന്ന വ്യാജേന മണ്ണന്തല മുക്കോല സ്വദേശി സാമിൽ നിന്ന് മിനി 12 ലക്ഷം രൂപ തട്ടിയെടുത്തു.വ്യാജ സ്വാശ്രയ സംഘത്തിന്റെ പേരിൽ സീലും ലെറ്റർ പാഡും നോട്ടീസും ഉണ്ടാക്കി വൻ തുകയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് ഫീസ് ഈടാക്കിയ കേസിൽ ഫോർട്ട് സ്റ്റേഷനിൽ നേരത്തെ അറസ്റ്റിലായിട്ടുണ്ടെന്ന് വട്ടപ്പാറ പൊലീസ് പറഞ്ഞു. വട്ടപ്പാറ സിഐ ശ്രീജിത്ത്, എസ്‌ഐ സുനിൽ ഗോപി, ജിഎസ്‌ഐ സുനിൽകുമാർ, സിപിഒമാരായ അരവിന്ദ്, ശിവലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്