തിരുവനന്തപുരം : പരസ്യ മദ്യപാനം ചോദ്യം ചെയ്ത മധ്യവയസ്‌കനെ മർദിച്ചു കൊന്ന കേസിൽ 5 അംഗ മണൽ മാഫിയ സംഘത്തിന് പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ജയിലിൽ കഴിയുന്ന പ്രതികളെ ജനുവരി 20 ന് ഹാജരാക്കാൻ ഉത്തരവിട്ടത്.

ഓഗസ്റ്റ് 31 മുതൽ ജയിലിൽ കഴിയുന്ന പ്രതികളായ മണമ്പൂർ സ്വദേശികളായ റിനു , ഷൈബു എന്ന ശംഭു , അനീഷ്, കടയപ്പം എന്ന അനീഷ്, വി. വിശാഖ് എന്നിവരെയാണ് ഹാജരാക്കേണ്ടത്. അന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളായിരുന്നു. പ്രതികൾ ബൈജുവിനെ സംഘം ചേർന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമെന്ന് വ്യക്തമാവുന്നത്. 2023 ഓഗസ്റ്റ് 31 നാണ് നാടിനെ നടുക്കിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിലായത്.

കല്ലമ്പലത്ത് മധ്യവയസ്‌കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് കടക്കാവൂർ പൊലീസ് കണ്ടെത്തിയത്. മണൽ മാഫിയ സംഘത്തിന്റെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനാണ് മണമ്പൂർ സ്വദേശി ബൈജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതികൾ ബൈജുവിനെ സംഘം ചേർന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമെന്ന് വ്യക്തമാവുന്നത്.

2023 ഓഗസ്റ്റ് 28 ന് രാവിലെ പത്ത് മണിയോടെയാണ് മണമ്പൂർ ശങ്കരന്മുക്ക് ശിവശൈലം വീട്ടിൽ സദാശിവന്റെ മകൻ ബൈജുവിനെ വീടിന് മുറ്റത്ത് അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവുണ്ടായിരുന്ന നിലയിലായിരുന്നു ബൈജുവുണ്ടായിരുന്നത്. കടയ്ക്കാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മണമ്പൂർ സ്വദേശികളായ റിനു, ഷൈബു, അനീഷ്, വിശാഖ് എന്നിവരാണ് പിടിയിലായത്.

മണമ്പൂർ ജംഗ്ഷന് സമീപം ജെ.സി.ബിയും ടിപ്പർ ലോറികളുമൊക്കെ പാർക്ക് ചെയ്യുന്ന യാർഡിൽ രാത്രി സമയത്തുള്ള പ്രതികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനമായത്. വാക്കുതർക്കം സംഘം ബൈജുവിനെ മർദ്ദിക്കുന്നതിലേക്ക് നീണ്ടു. ബൈജുവിന്റെ തലയ്ക്ക് പിന്നിൽ പ്രതികൾ ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ബൈജുവിനെ പ്രതികൾ വീടിന് മുന്നിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. പ്രതികൾ ബൈജുവിനെ വീടിന് മുന്നിൽ കൊണ്ടിടുന്നതും അതിനുശേഷം വന്ന് ബൈജുവിനെ നിരീക്ഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.