തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാർജിൻ ഫ്രീ ഷോപ്പിൽ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഉടമയുടെ പോക്കറ്റിലുണ്ടായിരുന്ന പണവുമായി മുങ്ങിയ കേസിൽ ഒന്നാം പ്രതി പനങ്ങ അജയന് ജാമ്യമില്ല. നവംബർ 5 മുതൽ ജയിലിൽ കഴിയുന്ന ഉള്ളൂർ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം ഗവ. സ്‌കൂളിന് സമീപം ചിറയിൽ പുത്തൻവീട്ടിൽ പനങ്ങ അജയൻ എന്ന അജയനാണ് (44) ജാമ്യം നിരസിച്ചത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യഹർജി തള്ളിയത്.

സമാന സ്വഭാവമുള്ള 22 ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് മെഡിക്കൽ കോളേജ് പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. ഭീഷണിപ്പെടുത്തി പണം തട്ടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് നവംബർ 5 ന് പൊലീസ് അറസ്റ്റ് ചെയ്തത്.

2023 നവംബർ 31 ന് രാത്രി 8 മണിക്ക് പാറോട്ടുകോണം ജംഗ്ഷന് സമീപമുള്ള എ. എസ്. മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിലാണ് കേസിന് ആധാരമായ സംഭവം നടന്നത്. ഓട്ടോറിക്ഷയിൽ വന്ന് സൂപ്പർമാർക്കറ്റിൽ കയറിയാണ് ഉടമയെ ഭീഷണിപ്പെടുത്തിയത്. നാലാഞ്ചിറ പാറോട്ടുകോണം സ്വദേശിയായ സാൽവിൻ ഷിബുവിനെ (27) ഒന്നാം പ്രതി അജയൻ ഭീഷണിപ്പെടുത്തിയ ശേഷം രണ്ടാം പ്രതി ക്യാഷ് കൗണ്ടറിലിരുന്ന ഉടമയുടെ പോക്കറ്റിൽനിന്ന് ആയിരത്തോളം രൂപ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.

പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് സിഐയും സംഘവും നടത്തിയ അന്വേഷണത്തിൽ മുട്ടടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അജയനെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകൾ ഉള്ളതായി സിഐ ഹരിലാൽ കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നു.