- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം; വിനീത മോൾ കൊലക്കേസ്: ദ്വിഭാഷിയെ നിയമിക്കണമെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാര ചെടി വിൽപ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതമോളെ കുത്തി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിക്ക് കേസ് വിചാരണ മനസിലാക്കാൻ ദ്വിഭാഷിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനാണ് കേസ് പരിഗണിക്കുന്നത്.
തമിഴ്‌നാട് കാവൽകിണർ സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി. ദ്വിഭാഷിയെ നിയമിക്കാതെ വിചാരണ പൂർത്തിയായാൽ കേസ് വിചാരണ ഒന്നും തനിക്ക് മനസിലായില്ലെന്ന വാദവുമായി പ്രതി എത്താൻ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ക്രിമിനൽ നടപടി ചട്ടപ്രകാരം കേസ് വിചാരണ മുഴുവൻ പ്രതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് രാജേന്ദ്രൻ പട്ടാപകൽ വിനീതയെ നഗരഹൃദയത്തിൽ വച്ച് കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിൽ ഉണ്ടായിരുന്ന നാല് പവൻ തൂക്കമുള്ള സ്വർണ്ണമാല കരസ്ഥമാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. 2022 ഫെബ്രുവരി ആറിന് പകൽ 11.30 നായിരുന്നു സംഭവം.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്. തമിഴ്‌നാട്ടിൽ കസ്റ്റംസ് ഓഫീസറെയും മൂന്ന് അംഗകുടുംബത്തെയും കൊലപ്പെടുത്തിയ ശേഷം കേരളത്തിൽ ഒളിവിൽ കഴിയവെയാണ് വിനീതയെ കൊലപ്പെടുത്തിയത്. ദൃക് സാക്ഷികൾ ഇല്ലാത്ത കേസിൽ പ്രോസിക്യൂഷന് ഏക ആശ്രയം ശാസ്ത്രീയതെളിവുകളും ഇലക്ട്രോണിക്സ് തെളിവുകളുമാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്