തിരുവനന്തപുരം: പേട്ട പാറ്റൂർ സെക്‌സ് റാക്കറ്റ് കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റ വിമുക്തരാക്കണമെന്നാവശ്യപ്പെട്ട് വാണിഭ കേന്ദ്ര നടത്തിപ്പുകാരി നബീസ എന്ന നസീമ ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി. വിചാരണക്കോടതിയായ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് സെക്‌സ് റാക്കറ്റ് കേസ് പ്രതികൾ കുറ്റവിമുക്തരാക്കൽ ഹർജി സമർപ്പിച്ചത്.

വിടുതൽ ഹർജി തള്ളിയ എസിജെഎം എൽസാ കാതറിൻ ജോർജ് പ്രതികളെ വിചാരണ ചെയ്യാൻ ഉത്തരവിട്ടു. കുറ്റം ചുമത്തലിന് മാർച്ച് 2 ന് പ്രതികൾ ഹാജരാകണം. പ്രതികളെ വിചാരണ ചെയ്യാൻ മതിയായ തെളിവുകൾ കേസ് റെക്കോർഡിൽ ഉണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. തങ്ങൾക്കെതിരായ പൊലീസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന പ്രതികളുടെ വാദം കോടതി തള്ളി.

2017 ഒക്ടോബർ 12 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം നഗരത്തിൽ 2007-08 മുതൽ ഇതരസംസ്ഥാന യുവതികളെ ഉപയോഗിച്ച് നക്ഷത്ര വേശ്യാലയം നടത്തി വരുന്ന നെടുമങ്ങാട് സ്വദേശി താത്തയെന്നും നസീമയെന്നും അറിയപ്പെടുന്ന നബീസ (55), റാക്കറ്റിനെ സഹായിക്കുന്ന നസീമയുടെ സഹോദരി ഭർത്താവ് നെടുമങ്ങാട് സ്വദേശി സലിംഘാൻ ( 48 ) , ഇടപാടുകാരായ തമ്പാനൂർ സ്വദേശി ജയകുമാർ ( 38) , പേരൂർക്കട സ്വദേശി വിനേഷ് ( 26 ) , നെടുമങ്ങാട് സ്വദേശി കിഷോർ കുമാർ ( 46 ) എന്നിവരാണ് പാറ്റൂർ പെൺവാണിഭ കേസിലെ 1 മുതൽ 5 വരെയുള്ള പ്രതികൾ. വാണിഭ കേന്ദ്രം റെയ്ഡ് ചെയ്തപ്പോൾ കണ്ടെത്തിയ നാലു യുവതികളെ സെക്‌സ് റാക്കറ്റിലെ ഇരകളായി കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് കോടതി നാലു യുവതികളെയും ഷെൽട്ടർ ഹോമിൽ പാർപ്പിക്കാൻ ഉത്തരവിട്ടു.

പേട്ട പൊലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്നു കാണിച്ചാണ് പ്രതികൾ ഹർജി സമർപ്പിച്ചത്. മജിസ്‌ട്രേട്ട് കോടതി മുമ്പാകെയുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതൽ ഹർജിയാണ് കോടതി തള്ളിയത്.