തിരുവനന്തപുരം: നടൻ കൊല്ലം തുളസിയിൽ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസാ കാതറിന്റേതാണുത്തരവ്. വട്ടിയൂർക്കാവ് പുളിമൂട് ലയിനിൽ നിന്നും ഉത്തരാഖണ്ഡ് ഡെറാഡൂൺ നിവാസിയായ സന്തോഷ് കുമാർ (60) എന്ന മുഖ്യ പ്രതിയെയാണ് കസ്റ്റഡിയിൽ വച്ച്  ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായി പൂജപ്പുര പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്.

നിക്ഷേപിക്കുന്ന പണം ഇരട്ടിയായി തിരിച്ചുനൽകുമെന്ന് പറഞ്ഞാണ് പ്രതിയും മകൻ ദീപക്കും തട്ടിപ്പ് നടത്തിയത്. ജി കാപ്പിറ്റൽ എന്ന കമ്പനിയുണ്ടാക്കി ഇവർ പലരിൽ നിന്നായി പണം തട്ടിയെന്നാണ് കേസ്. നടൻ കൊല്ലം തുളസിയിൽ നിന്ന് ആദ്യം രണ്ട് ലക്ഷം രൂപ വാങ്ങി പ്രതികൾ നാല് ലക്ഷം രൂപയായി തിരിച്ച് നൽകിയിരുന്നു. പിന്നീട് നാല് കൊടുത്തപ്പോൾ എട്ട് ലക്ഷമായി തിരിച്ചുനൽകി. ഇങ്ങനെ വിശ്വാസം നേടിയെടുത്തതോടെ പ്രതികൾക്ക് 20 ലക്ഷം രൂപ കൊല്ലം തുളസി നൽകി. എന്നാൽ 20 ലക്ഷം ലഭിച്ചതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

കൊല്ലം തുളസിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് പ്രതികൾ അറസ്റ്റിലായത്. അച്ഛനും മകനും ചേർന്ന് നടത്തിയ തട്ടിപ്പിൽ നിരവധി പേർ ഇരയായെന്നാണ് വിവരം. ഡൽഹിയിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ ശ്രീകാര്യം, ഫോർട്ട് പൊലീസ് സ്റ്റേഷൻ, വട്ടിയൂർക്കാവ് സ്റ്റേഷൻ എന്നിവിടങ്ങളിലും കേസുകളുണ്ട്.