തിരുവനന്തപുരം: ആർ എസ് എസ് മണ്ണന്തല മണ്ഡലം ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന മണ്ണന്തല സ്വദേശി രഞ്ജിത്തിനെ സിപിഎമ്മുകാർ കൊലപ്പെടുത്തിയ കേസിൽ സാക്ഷി വിസ്താരം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആജ് സുദർശൻ മുമ്പാകെ ആരംഭിച്ചു. കേസിൽ പ്രഥമ വിവരമൊഴി നൽകിയ വിനോദിന്റെ വിസ്താരമാണ് തിങ്കളാഴ്ച പൂർത്തിയായത്.

2008 ഒക്ടോബർ 17 ന് രാവിലെ രഞ്ജിത്ത് കോട്ട മുകളിലുള്ള വിനായക ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് എന്ന കടയിൽ വെട്ടേറ്റ് കൊല്ലപ്പെട്ടു കിടക്കുന്നതായി വിവരം ലഭിച്ചതിന് തുടർന്ന് താൻ സംഭവ സ്ഥലത്ത് എത്തി എന്നും തുടർന്ന് കടയിൽ മരിച്ചുകിടക്കുന്ന രഞ്ജിത്തിനെ കണ്ടുവെന്നും പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിച്ചു എന്നും വിനോദ് കോടതി മുമ്പാകെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിന്റെ ചീഫ് വിസ്താരത്തിൽ മൊഴി കൊടുത്തു. രണ്ട് കാറിലും ഒരു ബൈക്കിലുമായി വന്ന എട്ട് പേർ അടങ്ങുന്ന അക്രമി സംഘത്തിലെ നാലു പേരുടെ കൈവശം വെട്ടുകത്തികളും കൊടുവാളും കത്തിയുമുണ്ടായിരുന്നതായും അവർ രഞ്ജിത്തിനെ കടയിൽ കയറി വെട്ടി കൊലപ്പെടുത്തി എന്നാണ് തനിക്ക് അറിയുവാൻ സാധിച്ചത് എന്നും വിനോദ് കോടതിയിൽ മൊഴി പറഞ്ഞു.

ആർഎസ്എസ് പ്രവർത്തകനായ രജ്ഞിത്തിനെ സിപിഎമ്മുകാരായ പ്രതികൾ മുൻ വിരോധം നിമിത്തം 2008 ഒക്ടോബർ 17 ന് രാവിലെ 5.50 മണിക്കാണ് കോട്ടമുകളിൽ പച്ചക്കറി കച്ചവടം നടത്തുന്ന കടമുറിയിൽ കയറി അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ അമ്പലമുക്ക് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘത്തിലെ അംഗങ്ങളായ വെള്ളി നാരായണൻ, ഫിറോസ് ഖാൻ, വിഷ്ണു വിനോദ്, ശങ്കർ, ഗോഡ് വിൻ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ് എന്നിവരാണ് രഞ്ജിത്തിനെ കൊലപ്പെടുത്താനായി എത്തിയത്. രജ്ഞിത്തിന്റെ കൊലപാതകത്തിനുള്ള ഗൂഢാലോചനക്കായി നേതൃത്വം കൊടുത്തത് സിപിഎം നേതാവായ ഹരിപ്രസാദും അനുയായികളായ അനി, രജ്ഞിത്ത്, കരാട്ടെ സുരേഷ് എന്നിവർ അടങ്ങിയ സംഘമാണെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

വിചാരണ നടപടികൾ അട്ടിമറിക്കുക എന്ന ഉദ്ദേശത്തിൽ സാക്ഷികൾ ഉൾപ്പെടെയുള്ളവരെ പ്രതികളുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് രജ്ഞിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരം സാക്ഷികൾക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്. കേസിൽ സാക്ഷികൾക്ക് വേണ്ടി അഭിഭാഷകരായ കെ. വി. ഹേമരാജ്, വി.ജി.ഗിരികുമാർ എന്നിവരും ഹാജരാകുന്നുണ്ട്.