തിരുവനന്തപുരം: ആർഎസ്എസ് മണ്ണന്തല മണ്ഡലം ശാരീരിക് ശിക്ഷാ പ്രമുഖ് ആയിരുന്ന മണ്ണന്തല സ്വദേശി രഞ്ജിത്തിനെ സിപിഎമ്മുകാർ കൊലപ്പെടുത്തിയ കേസിൽ രണ്ടാം സാക്ഷിയായ സുരേഷിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. കേസിലെ ദൃക്‌സാക്ഷിയായ സുരേഷ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജി ആജ് സുദർശൻ മുമ്പാകെ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു.

ആർ എസ് എസ് പ്രവർത്തകനായ രഞ്ജിത്തിനെ സി പി എം ഗുണ്ടകളായ പ്രതികൾ രണ്ടു കാറിലും ഒരു മോട്ടോർസൈക്കിളിലുമായി എത്തി വെട്ടുകത്തി വാള്, കത്തി തുടങ്ങിയ ആയുധങ്ങളുമായി രജ്ഞിത്തിന്റെ കടക്കകത്തേക്ക് കയറുന്നതും താൻ കണ്ടെന്നും തുടർന്ന് നിലവിളി കേട്ട് താൻ നോക്കിയപ്പോൾ പ്രതികൾ വന്ന വാഹനങ്ങളിൽ നാലാഞ്ചിറ ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് കണ്ടു എന്നും തുടർന്ന് രഞ്ജിത്തിന്റെ കടയുടെ അടുത്ത് എത്തി നോക്കിയപ്പോൾ രഞ്ജിത്ത് മുറിവേറ്റ് മരിച്ചുകിടക്കുന്നത് കണ്ടു എന്നും രണ്ടാം സാക്ഷി സുരേഷ് കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ്. ജി. പടിക്കലിന്റെ ചീഫ് വിസ്താര വേളയിൽ കോടതിയിൽ മൊഴി കൊടുത്തു. ഇപ്രകാരം ആക്രമിച്ച അമ്പലമുക്ക് കൃഷ്ണകുമാർ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ്, ഫിറോസ് ഖാൻ, ശങ്കർ, ഗോഡ് വിൻ, വിഷ്ണു വിനോദ് എന്നിവരെ സാക്ഷി കോടതി മുമ്പാകെ തിരിച്ചറിഞ്ഞു. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കൃത്യസ്ഥലത്ത് എത്തുവാൻ ഉപയോഗിച്ച വാഹനങ്ങളും കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു മൊഴി കൊടുത്തു.

ഇതിനിടെ സാക്ഷി പ്രതികളെ തിരിച്ചറിയുന്നതിന് ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനായി പ്രതികളും ഒരേ തരത്തിലുള്ള വേഷത്തിലാണ് കോടതിയിൽ എത്തിയിരുന്നത്. കേസിലെ മൂന്നാം സാക്ഷിയായ സജീവിനെ ബുധനാഴ്ച വിസ്തരിക്കും. കേസിലെ സാക്ഷികൾക്ക് പ്രതികളുടെയും മറ്റും ഭാഗത്തുനിന്ന് ഭീഷണി ഉള്ളതിനാൽ കനത്ത പൊലീസ് സുരക്ഷ ആണ് വിചാരണക്കായി ഏർപ്പാട് ചെയ്തിട്ടുള്ളത്.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്. കേസിൽ സാക്ഷികൾക്ക് വേണ്ടി അഭിഭാഷകരായ കെ. വി. ഹേമരാജ്, വി.ജി.ഗിരികുമാർ എന്നിവരും ഹാജരാകുന്നുണ്ട്.