- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജപ്പുര ഭവനഭേദന- മാനഭംഗക്കേസ്: പ്രതി പല്ലൻ സുരേഷിന്റെ കൂട്ടാളി ഉണ്ണിക്കുട്ടന്റെ ജാമ്യം കോടതി റദ്ദാക്കി; ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
തിരുവനന്തപുരം: പൂജപ്പുര ദവനഭേദന മാനഭംഗക്കേസിൽ രണ്ടാം പ്രതിയും അനവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ പല്ലൻ സുരേഷിന്റെ കൂട്ടാളി നന്ദു കൃഷ്ണൻ എന്ന ഉണ്ണിക്കുട്ടന്റെ ജാമ്യം കോടതി റദ്ദാക്കി. ഉണ്ണിക്കുട്ടനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
പൂജപ്പുര ഭവന ഭേദന മാനഭംഗ കേസിൽ നൽകിയ ജാമ്യ വ്യവസ്ഥയിലെ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുതെന്ന ആറാം വ്യവസ്ഥ ലംഘിച്ച് മലയിൻകീഴ്, വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ കേസുകളിൽ ഉൾപ്പെട്ടതിനാലാണ് കോടതി ജാമ്യം റദ്ദാക്കിയത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസാ കാതറിന്റേതാണുത്തരവ്.
ഉണ്ണിക്കുട്ടന് പൂജപ്പുര കേസിൽ ജാമ്യം നൽകിയപ്പോൾ തലസ്ഥാന ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. രണ്ടാം പ്രതി മാനഭംഗപ്പെടുത്തിയെന്ന പൊലീസ് മൊഴി തിരുത്തി യുവതിയും മകളും സത്യവാങ്മൂലവുമായി കോടതിയിൽ എത്തിയതോടെ മാനഭംഗപ്പെടുത്തിയെന്ന മൊഴി വാങ്ങി എഫ് ഐ ആറിട്ട സിറ്റി പൂജപ്പുര പൊലീസിന് തിരിച്ചടിയായി.
തുടർന്ന് ജയിലിൽ കഴിയുന്ന അനവധി ക്രൈം കേസുകളിൽ പ്രതിയായ പല്ലൻ സുരേഷിന്റെ കൂട്ടാളിയായ രണ്ടാം പ്രതി ഉണ്ണിക്കുട്ടന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തതിനാധാരമായി പൂജപ്പുര പൊലീസിന് പ്രഥമ വിവരമൊഴി കൊടുത്ത ഇരകളായ യുവതിയും മകളും കോടതിയിൽ ഹാജരായി പരാതി പിൻവലിച്ചതിനാലാണ് പ്രതിക്ക് കോടതി ജാമ്യം നൽകിയത്.
തിരുമല വില്ലേജിൽ തൃക്കണ്ണാപുരം ആറാമട ഞാലിക്കോണം കിഴക്കേക്കര പുത്തൻവീട്ടിൽ ഉണ്ണിക്കുട്ടനെന്ന നന്ദു കൃഷ്ണൻ (24) എന്ന രണ്ടാം പ്രതിക്കാണ് ഉപാധികളോടെ ജാമ്യം നൽകിയത്. വീടാക്രമണം, നരഹത്യാശ്രമം, അടിപിടി, കഞ്ചാവ് കടത്ത് എന്നീ കേസുകൾ നിലവിലുള്ള പുന്നയ്ക്കാമുകൾ ഞാലിക്കോണം നിവാസിയായ പല്ലൻ സുരേഷ് എന്ന സുരേഷാണ് ഒന്നാം പ്രതി.
വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന് വന്ന് ഒന്നാം പ്രതി പല്ലൻ സുരേഷ് തന്റെ ഭർത്താവിനെ കത്തി വിശി ആക്രമിച്ച സമയം രണ്ടാം പ്രതി ഉണ്ണിക്കുട്ടൻ തങ്ങളുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ചെന്നും ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും വിശദീകരിച്ച് പൊലീസിന് നൽകിയ മൊഴി പരാതിക്കാരായ അമ്മയും മകളും തിരുത്തി. ഒന്നാം പ്രതിയെ കുറ്റകൃത്യങ്ങളിൽ നിന്ന് തടയാൻ ശ്രമിച്ച രണ്ടാം പ്രതി ഉണ്ണിക്കുട്ടന്റെ ഉദ്ദേശ്യം തങ്ങൾ തെറ്റിദ്ധരിച്ചതാണെന്നും തങ്ങളെ കയറിപ്പിടിച്ചത് മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്നും ഉണ്ണിക്കുട്ടനെതിരെ മേൽ പരാതിയില്ലെന്നും കാട്ടി അമ്മയും മകളും കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിനാലാണ് കോടതി പ്രതിക്ക് ജാമ്യം നൽകിയത്.
പ്രതിയുടെ ജാമ്യഹർജി കോടതി പരിഗണിക്കവേ സത്യവാങ്മൂലവുമായി പരാതിക്കാരിയായ യുവതിയും മകളും രംഗത്തെത്തിയതോടെ കേസെടുത്ത പൂജപ്പുര പൊലീസ് വെട്ടിലായി. ജാമ്യ വ്യവസ്ഥകൾ ഇപ്രകാരമാണ്: രണ്ടാം പ്രതി ഇരുപത്തയ്യായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവും ഹാജരാക്കണം. പരാതിക്കാരിയേയോ കുടുംബാംഗങ്ങളേയോ യാതൊരു തരത്തിലും നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്തുകയോ അപമാനിക്കാനോ പാടില്ല. കേസിന്റെ വസ്തുത അറിയാവുന്ന ഏതൊരാളെയും സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യരുത്. പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കും വരെയോ അല്ലെങ്കിൽ രണ്ടു മാസക്കാലത്തേക്കോ ഏതാണോ ആദ്യം വരുന്നത് അത് വരെ തിരുമല വില്ലേജതിർത്തിക്കകത്ത് പ്രതി പ്രവേശിക്കരുത്. അന്വേഷണവുമായി സഹകരിക്കുകയും അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യും വരെ എല്ലാ വെള്ളിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുത്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി വീണ്ടും കൽ തുറുങ്കിലടക്കുമെന്നും ജാമ്യ ഉത്തരവിൽ അഡീ. സിജെഎം എൽസാ കാതറിൻ ജോർജ് വ്യക്തമാക്കി.
2023 സെപ്റ്റംബർ 23 ന് ഉച്ചതിരിഞ്ഞ് 3.15 ന് തൃക്കണ്ണാപുരത്തെ യുവതിയുടെ വീട്ടിലാണ് സംഭവം നടന്നത്. യുവതി വീട്ടിൽ നടന്ന റൂഫിങ് വർക്കിന്റെ ശബ്ദം അമിതമാകയാൽ പണി നിർത്തിവക്കാൻ ഒന്നാം പ്രതി സുരേഷ് ആവശ്യപ്പെട്ടിട്ടും നിർത്തിവക്കാത്ത വിരോധത്താൽ ഒന്നും രണ്ടും പ്രതികൾ പൊതു ലക്ഷ്യത്തോടെ കത്തിയുമായി വീട്ടിനുള്ളിൽ കുറ്റകരമായി പ്രവേശിച്ച് അശ്ലീല പദങ്ങൾ വിളിക്കുകയും യുവതിയേയും ഭർത്താവിനെയും മകളേയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.
ഒന്നാം പ്രതി ഭർത്താവിന് നേർക്ക് കത്തി വീശുകയും കത്തിയുടെ കൈപ്പിടി കൊണ്ട് ഭർത്താവിന്റെ നെഞ്ചിൽ ആവർത്തിച്ചിടിക്കുകയും ചെയ്തു. യുവതിയും മകളും വീട്ടിനുള്ളിലേക്ക് പിടിച്ചു കൊണ്ടു പോയപ്പോൾ ഒന്നാം പ്രതി സ്റ്റീൽ ഡോർ ചവിട്ടി തുറന്ന് ഭർത്താവിന്റെ മുഖത്ത് ആവർത്തിച്ചിടിച്ചു. രണ്ടാം പ്രതി യുവതിയെയും മകളെയും അവരുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റവും ബലപ്രയോഗവും നടത്തുകയും ലൈംഗിക സമീപനം ഉൾപ്പെടുന്ന ശാരീരിക സ്പർശവും മുന്നേറ്റങ്ങളും നടത്തുകയും ലൈംഗികത കലർന്ന പരാമർശങ്ങൾ നടത്തുകയും ചെയ്ത് ലൈംഗിക പീഡനക്കുറ്റങ്ങൾ ചെയ്‌തെന്ന യുവതിയുടെ ഒപ്പിട്ടുള്ള എഫ് ഐ (പ്രഥമ വിവര ) മൊഴി വാങ്ങിയാണ് പൂജപ്പുര പൊലീസ് എഫ് ഐ ആർ (പ്രഥമ വിവര റിപ്പോർട്ട് ) രജിസ്റ്റർ ചെയ്ത് കേസെടുത്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്