തിരുവനന്തപുരം: കരമന മരുതൂർക്കടവ് അഖിൽ കൊലക്കേസിൽ 8 പ്രതികളെ 4 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ, വാഹനങ്ങൾ, കൃത്യസമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ വീണ്ടെടുക്കൽ, കൃത്യ ശേഷം ഒളിവിൽ താമസിച്ച ഒളിയിടങ്ങൾ , കൃത്യ സ്ഥലത്തെത്തിച്ച് തെളിവു ശേഖരണം, സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കൽ എന്നിവക്കായാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്.

തിരുവനന്തപുരം കുഞ്ചാലുംമൂട് സ്‌പെഷ്യൽ സബ്ബ് ജയിലിൽ റിമാൻഡിൽ പാർപ്പിച്ചിരുന്ന പ്രതികളെ പ്രൊഡക്ഷൻ വാറണ്ടയച്ച് വരുത്തിയാണ്
കോടതി പൊലീസ് കസ്റ്റഡി നൽകിയത്. അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണൻ (28) , കിരൺ, വിനീത് എന്ന വിനീഷ് രാജ് (25), അപ്പു എന്ന അഖിൽ (26) , സുമേഷ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്തുകൊണ്ടുവന്നത്. ഇയാൾ കരമന അനന്ദു ഗിരീഷ് കൊലക്കേസിലെയും പ്രതിയാണ്. ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്.

മുഖ്യ പ്രതികളിലൊരാളായ വിനീതിനെ തമ്പാനൂർ ചെങ്കൽച്ചൂളയിൽ നിന്നാണ് പിടികൂടിയത്. കൊലയിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി അപ്പു എന്ന അഖിലിനെ തമിഴ്‌നാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഗൂഢാലോചനയിൽ പങ്കുള്ള പ്രതികളെ അടക്കമാണ് പൊലീസ് അറസ്റ്റ്' ചെയ്തത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സുമേഷിനെയാണ് ഒടുവിൽ പിടികൂടിയത്.

ഹരിലാൽ ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്. കിരൺ കൃഷ്ണൻ പാപ്പനംകോട് ബാറിൽ തെരഞ്ഞെടുപ്പ് ദിവസം ഏപ്രിൽ 26 ന് നടന്ന അക്രമത്തിലെ പങ്കാളിയാണ്. കിരൺ കരമന സ്റ്റേഷനിലെ കേഡി (റൗഡി) ലിസ്റ്റിൽപ്പെട്ടയാളാണ്. മുഖ്യപ്രതി അഖിൽ അപ്പുവിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരണാണെന്നാണ് പൊലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്.

അനീഷാണ് വാഹനം വാടകയ്ക്കെടുത്ത് നൽകിയത്. കൊല്ലപ്പെട്ട അഖിലും പ്രതി കിരൺ കൃഷ്ണനുമായുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടക്കുന്ന രീതിയിലുള്ള അരും കൊല നടന്നത്. കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്‌ത്തി. പിന്നീട് കല്ലെടുത്ത് തലയ്ക്കടിച്ചു. കഴിഞ്ഞ 26ന് പാപ്പനംകോടുള്ള ബാറിൽ നടന്ന തർക്കമാണ് കൊലയിലേക്ക് നയിച്ചത്.

2019 ൽ അനന്തുവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവർ തന്നെയാണ് അഖിലിന്റെ കൊലയ്ക്കു പിന്നിലുള്ളത്.. 2019 മാർച്ചിൽ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അന്ന് കൊല്ലപ്പെട്ട അനന്തവും പ്രതികളും തമ്മിൽ തർക്കമുണ്ടായത്. ദിവസങ്ങൾക്ക് ശേഷം പ്രതികളിൽ ഒരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ ഇവർ അനന്തുവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. ആഘോഷം പാതിവഴിയിൽ നിർത്തി പ്രതികൾ അനന്തുവിനെ തേടിയിറങ്ങി. റോഡരികിലെ ബേക്കറിയിൽ നിൽക്കുകയായിരുന്നു അനന്തുവിനെ ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയാണ് ആക്രമിച്ചത്. അതിക്രൂരമായി അനന്തുവിനെ പീഡിപ്പിച്ചു. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും കാലിലെ മാംസം മുറിച്ചു മാറ്റുകയും ചെയ്തു. കൊല്ലപ്പെട്ട അനന്തുവും അഖിലും തമ്മിൽ ബന്ധമില്ല. പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നത്.

അതേസമയം, അനന്തു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകാനൊരുങ്ങുകയാണ് പൊലീസ്. അനന്തു വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊലപ്പെടുത്തിയത്. അനന്തു വധക്കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കാനാണ് പൊലീസ് നീക്കം.