തിരുവനന്തപുരം : ചെന്നൈയിൽ നിന്ന് ആഡംബര ബസിൽ തലസ്ഥാനത്തേക്ക് 2 കിലോ കഞ്ചാവ് കടത്തിയ കേസിൽ അമരവിള എക്‌സൈസ് റെയ്ഞ്ച് കുറ്റപത്രം സമർപ്പിച്ചു. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.

പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പുവിനെ ഏക പ്രതി ചേർത്താണ് എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചത്. 2023 സെപ്റ്റംബർ 7 നാണ് സംഭവം നടന്നത്. ചെന്നൈയിൽ നിന്ന് ആഡംബര ബസിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന യുവാവിനെ അമരവിള എക്‌സൈസ് സംഘം ദേശീയ പാതയിൽ കൊറ്റാമത്ത് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് പിടികൂടിയത്.

പാച്ചല്ലൂർ, വെങ്ങാനൂർ, കോവളം തുടങ്ങിയ പ്രദേശങ്ങളിൽ വിൽപന നടത്തുന്നതിനാണ് പ്രതി കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിൽ പറയുന്നു. ചെറു പൊതികളിലായാണ് യുവാവ് വിൽപന നടത്തുന്നത്. ചെന്നൈയിൽ നിന്ന് 25,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് ഒരു ലക്ഷം രൂപയ്ക്ക് വിതരണം ചെയ്യുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം റിപ്പോർട്ടിൽ വ്യക്തമാക്കി. പേട്ട പൊലീസ് സ്റ്റേഷനിൽ ഒരു മോഷണക്കേസിലും അഖിൽ പ്രതിയാണ്.