തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി രാജീവിനെ (41) നാല്‍പ്പത്തിയേഴ് കൊല്ലം കഠിന തടവിനും 25000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 8മാസം കൂടുതല്‍ തടവ് അനുഭവിക്കണം.

2020 സെപ്റ്റംബര്‍ 25 രാവിലെ 11.45ഓടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ സമയം കുട്ടിയുടെ ചേച്ചി വീട്ടില്‍ എത്തിയിരുന്നു. അനിയത്തിയെ പീഡിപ്പിക്കുന്ന കണ്ട് പ്രതിയെ അവിടെ കിടന്ന ഒരു വടി എടുത്തു അടിച്ച് ഓടിച്ചു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരുക്കേറ്റു.

സംഭവത്തില്‍ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ ഇരു കുട്ടികളും നിലവിളിച്ചത് കേട്ട നാട്ടുകാര്‍ ഓടി എത്തിയാണ് പോലീസില്‍ അറിയിച്ചത് . സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മുറിയില്‍ നിന്ന സമയത്ത് പ്രതി കുട്ടിയെ വലിച്ച് അടുക്കള ഭാഗത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചതിനു ശേഷം പീഡിപ്പിച്ചു എന്നു പറഞ്ഞു. ഇതിന് മുന്‍പും രണ്ട് തവണ കുട്ടിയെ പീഡിപ്പിച്ചതായും പറഞ്ഞു. അടുത്ത ബന്ധു കൂടിയായ പ്രതി ഭീക്ഷണിപ്പെടുത്തിയതിനാല്‍ പുറത്ത് പറയാത്തതാണ്. ഡൗണ്‍സിന്‍ഡ്രോം രോഗ ബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞു.

പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ 31സാക്ഷികളെ വിസ്തരിക്കുകയും 31രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി.നെടുമങ്ങാട് പോലീസ് ഉദ്യോഗസ്ഥരായ സുനില്‍ ഗോപി,വി.രാജേഷ് കുമാര്‍,പി എസ്.വിനോദ് എന്നിവരണെ കേസ് അന്വേക്ഷിച്ചത്.