കൊച്ചി: 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തട്ടിപ്പിന് ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ മുന്‍ ജീവനക്കാര്‍ വിനീത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്. നേരത്തെ വിനീത, രാധു, കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ദിവ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് വിനീതയും രാധുവും ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ആഭരണങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം വാങ്ങാന്‍ ക്യു ആര്‍ കോഡ് മാറ്റി പല സമയങ്ങളിലായി വലിയ തുക തട്ടിയെടുത്തു എന്നായിരുന്നു കൃഷ്ണകുമാറും മകളും മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. പിന്നാലെ കൃഷ്ണകുമാറും മറ്റുള്ളവരും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തു എന്നാരോപിച്ച് ജീവനക്കാരും പരാതി നല്‍കി. വിഷയം വലിയ വിവാദമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍ ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് അറിയിച്ചിരുന്നു.

ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികള്‍ ക്യു ആര്‍ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ജീവനക്കാരികളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി.

അതേസമയം, ജീവനക്കാരികള്‍ നല്‍കിയ തട്ടികൊണ്ടു പോകല്‍ കേസില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പരാതിയില്‍ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.