കൊച്ചി : പുതിയതായി വാങ്ങിയ ബൈക്ക് തുടര്‍ച്ചയായി എന്‍ജിന്‍ തകര്‍ മൂലം ഉപയോഗിക്കാന്‍ കഴിയാത്തതിന് മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും ആറുമാസം എക്സ്റ്റന്‍ഡഡ് വാറന്റിയും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

പെരുമ്പാവൂര്‍, റയണ്‍പുരം, സ്വദേശി എ.പി സോമശേഖരന്‍, ഹീറോ മോട്ടോ കോര്‍പ്പ് ലിമിറ്റഡ്, തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന പാലാല്‍ മോട്ടോഴ്‌സ് എന്നിവര്‍ക്ക് എതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

2021 സെപ്റ്റംബര്‍ മാസത്തിലാണ് 82,400/ രൂപയ്ക്ക് പാലാല്‍ മോട്ടോഴ്‌സില്‍ നിന്ന് ഹീറോ ഗ്ലാമര്‍ ബൈക്ക് വാങ്ങിയത്. അന്നു മുതല്‍ക്കേ ആവര്‍ത്തിച്ചുള്ള തകരാറുകള്‍ ഉണ്ടായെന്നും, ഇത് പരിഹരിക്കാന്‍ സര്‍വീസ് സെന്ററുകള്‍ക്ക് കഴിഞ്ഞില്ലെന്നും എഞ്ചിന്‍ തകരാറുകള്‍ക്ക് കാരണം നിര്‍മ്മാണത്തിലെ പിഴവാണെന്നും പരാതിയില്‍ പറയുന്നു.

വാഹനങ്ങള്‍ ഗുണനിലവാര പരിശോധനകള്‍ക്കും റോഡ് ടെസ്റ്റിനും ശേഷമാണ് വിതരണം ചെയ്യുന്നതെന്നും, തങ്ങളുടെ പരിശോധനയില്‍ നിര്‍മ്മാണ ദോഷമൊന്നും കണ്ടെത്താനായില്ലെന്നും എതിര്‍കക്ഷികള്‍ കോടതിയില്‍ വാദിച്ചു. രണ്ടാമത്തെ സര്‍വീസിനിടെ ഡിഫെക്ടീവ് ഫ്യൂവല്‍ പമ്പ് അസംബ്ലി സൗജന്യമായി മാറ്റി നല്‍കിയെന്നും അതിനുശേഷം പരാതിക്കാരന്‍ ഒരു തകരാറും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ അറിയിച്ചു. വാങ്ങിയ ഉടന്‍ തന്നെ തുടര്‍ച്ചയായി ബൈക്കിന് തകരാറുകള്‍ സംഭവിക്കുന്നതും ബൈക്കിന് തകരാറ് ഉണ്ടെന്ന് കോടതി നിയോഗിച്ച എക്‌സ്‌പെര്‍ട്ട് റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

എതിര്‍കക്ഷികള്‍ പരാതിക്കാരന്റെ ബൈക്ക് തകരാറുകളില്ലാത്ത അവസ്ഥയിലാക്കി ആറുമാസത്തെ എക്സ്റ്റന്‍ഡഡ് വാറന്റിയും നല്‍കണം. കൂടാതെ, കൂടാതെ മാനസികമായി ബുദ്ധിമുട്ടിച്ചതിനും കോടതി ചെലവിനത്തിലും 30,000/ രൂപ നഷ്ടപരിഹാരവും 30 ദിവസത്തിനകം നല്‍കണമെന്നും ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബഞ്ച് എതിര്‍കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി.

പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് കോടതിയില്‍ ഹാജരായി.