കൊച്ചി:ചിട്ടി സംബന്ധമായ തര്‍ക്കങ്ങള്‍ക്ക് ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം ഉപഭോക്തൃ കോടതികളുടെ അധികാരപരിധിയില്‍ വരുമെന്ന എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി സംസ്ഥാന കമ്മീഷന്‍ ശരിവച്ചു. സിവില്‍ കോടതിയില്‍ മാത്രമല്ല, ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതികളിലും ചിട്ടി സംബന്ധമായ കേസുകള്‍ ഫയല്‍ ചെയ്യാമെന്നും, ഇത്തരം പരാതികള്‍ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിലനില്‍ക്കുമെന്നും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിരീക്ഷിച്ചു.

ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ നിലവിലുള്ള മറ്റ് നിയമങ്ങള്‍ക്ക് പുറമെയുള്ള അധിക പരിഹാര മാര്‍ഗ്ഗമാണെന്നും ഉത്തരവില്‍ ജില്ലാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ചോദ്യം ചെയ്താണ് എറണാകുളത്തെ ചിട്ടി ഫണ്ട് കമ്പനി ഡയറക്ടര്‍

സംസ്ഥാന കമ്മീഷനെ സമീപിച്ചത്. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ജുഡീഷ്യല്‍ മെമ്പര്‍ അജിത് കുമാര്‍ ഡി, കെ. ആര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.

നായരമ്പലം സ്വദേശിയായ എം.എക്‌സ്.കുര്യച്ചന്‍, എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ദി ട്രേഡിംഗ് ആന്‍ഡ് ചിറ്റ് ഫണ്ട്‌സ് കമ്പനി ലിമിറ്റഡിനും, ഡയറക്ടര്‍മാര്‍ക്കും എതിരെ നല്‍കിയ പരാതിയാണ് കേസിനാധാരം.പരാതിക്കാരനും ഭാര്യയും കമ്പനിയില്‍ ചേര്‍ന്ന മൂന്ന് ചിട്ടികളുടെ പ്രൈസ് തുക പലിശയ്ക്കായി അതേ സ്ഥാപനത്തില്‍ സ്ഥിരനിക്ഷേപം നടത്തി.2018 നവംബര്‍ വരെ പലിശ ലഭിച്ചെങ്കിലും പിന്നീട് പലിശയോ മുതലോ നല്‍കുവാന്‍ കമ്പനി വിസമ്മതിച്ചു.ഇതേത്തുടര്‍ന്ന് ഉപഭോക്താവ് എറണാകുളം ജില്ലാ കമ്മിഷനില്‍ പരാതി നല്‍കി.

ഈ തര്‍ക്കം ഒരു ഉപഭോക്തൃ തര്‍ക്കമല്ലെന്നും പൂര്‍ണ്ണമായും സിവില്‍ സ്വഭാവമുള്ളതാണെന്നും അതിനാല്‍ ഉപഭോക്തൃ കമ്മീഷന് ഇത് പരിഗണിക്കാനാകില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം, ഉപഭോക്താവിന് മറ്റ് നിയമപരമായ വഴികള്‍ തേടുന്നതിനൊപ്പം ഉപഭോക്തൃ കോടതികളെ സമീപിക്കാനും അവകാശമുണ്ട്.

ചിറ്റ് ഫണ്ട് ആക്ടിലെ സെക്ഷന്‍ 64(3) പ്രകാരം സിവില്‍ കോടതികള്‍ക്ക് ഇത്തരം കേസുകളില്‍ വിലക്കുണ്ടെങ്കിലും, ഉപഭോക്തൃ കമ്മീഷനുകളെ സിവില്‍ കോടതിയായി കണക്കാക്കാനാവില്ലെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന്റെ മുന്‍കാല വിധി ഉദ്ധരിച്ചുകൊണ്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ജില്ലാകമ്മീഷന്റെ ഉത്തരവില്‍ നിയമപരമായ പിഴവുകളൊന്നും ഇല്ലാത്തതിനാല്‍ റിവിഷന്‍ ഹര്‍ജി നിരസിക്കുകയാണെന്നു സംസ്ഥാന കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി