- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ. ബൈജൂനാഥ് വീണ്ടും മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന് തുടർ നിയമനം നൽകാൻ തീരുമാനം. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളായ നിയമനകാര്യ സമിതിയാണ് തീരുമാനമെടുത്തത്. സമിതിയുടെ തീരുമാനം ഗവർണർക്ക് കൈമാറും.
2021ൽ കൽപറ്റ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിയായിരിക്കെ മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗമായി നിയമിതനായ കെ. ബൈജൂനാഥിന്റെ മൂന്നു കൊല്ലത്തെ സേവന കാലാവധി വരുന്ന മാർച്ച് 2ന് പൂർത്തിയാകും. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള നിയമനകാര്യസമിതി യോഗം ചേർന്നത്. മൂന്ന് വർഷമാണ് കമീഷൻ അധ്യക്ഷന്റെയും അംഗങ്ങളുടെയും കാലാവധി.
ജസ്റ്റിസ് ആന്റണി ഡൊമിനിക് കമീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് കഴിഞ്ഞ വർഷം മേയിൽ വിരമിച്ച ശേഷം ബൈജൂ നാഥിനെ ആക്റ്റിങ് ചെയർ പേഴ്സണായി ഗവർണർ നിയമിക്കുകയായിരുന്നു. വി.കെ. ബീനാകുമാരിയാണ് മറ്റൊരു അംഗം.
ഹൈക്കോടതി ജഡ്ജിയുടെ പദവിക്ക് തുല്യമാണ് കമീഷൻ അംഗത്തിന്റെ സ്ഥാനം. കോഴിക്കോട് സ്വദേശിയായ കെ. ബൈജൂനാഥ് 1987ൽ അഭിഭാഷകനായി. 1992ൽ മജിസ്ട്രേറ്റും പിന്നീട് ജില്ല ജഡ്ജിയുമായി. കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
കോഴിക്കോട് കുതിരവട്ടം ശബരീ തീർത്ഥത്തിൽ പരേതരായ കെ. രാംദാസിന്റെയും രാധാ പനോളിയുടെയും മകനാണ്. ഭാര്യ യു.കെ. ദീപ. മക്കൾ: വിജിലൻസ് പ്രോസിക്യൂട്ടർ അരുൺ കെ. നാഥ്, ഡോ. അമൃത് കെ. നാഥ്. പ്രഭാഷകൻ കൂടിയാണ് ബൈജൂനാഥ്.



