തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെ പൊലീസ് നേരിട്ടത് സിപിഎം ഗുണ്ടകളെപ്പോലെയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സമരത്തിൽ പങ്കെടുത്ത ഒരു വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ എസ്‌ഐ വലിച്ചുകീറിയെന്നും വേണുഗോപാൽ ചൂണ്ടിക്കിട്ടി.

ഒരു സ്ത്രീയെ കൈകാര്യം ചെയ്യാൻ പുരുഷ പൊലീസുകാർക്ക് ആരാണ് അധികാരം കൊടുത്തതെന്ന് വേണുഗോപാൽ ചോദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ തലക്കടിച്ചു. പരിക്കേറ്റ വനിതാ പ്രവർത്തകരെ തടഞ്ഞുവെച്ചു.

ഗവർണർക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാരെ സ്വന്തം മക്കളെപ്പോലെ താലോലിച്ച് കൊണ്ടുപോയ അതേ പൊലീസുകാരാണ് സെക്രട്ടറിയേറ്റിന് മുൻപിലും തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുൻപിലും 'ഷോ' കാണിച്ചതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനിതാ പ്രവർത്തകരുടെ നേർക്ക് പൊലീസ് അക്രമം അഴിച്ചുവിട്ടത്. കോൺഗ്രസ് പ്രവർത്തകർ തലസ്ഥാന നഗരിയിൽ തീർത്ത പ്രതിരോധം വെറു സാമ്പിൾ മാത്രമാണെന്നത് പൊലീസുകാർ വിസ്മരിക്കരുത്.

പ്രവർത്തകരെ തല്ലിച്ചതച്ച് സമരത്തെ അടിച്ചമർത്താമെന്നത് മൗഢ്യമാണ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇനിയും അക്രമം അഴിച്ചുവിടാനാണ് പൊലീസിന്റെ കരുതുന്നതെങ്കിൽ തിരിച്ചും അതേ മാർഗത്തിൽ കോൺഗ്രസും പ്രതികരിക്കും. കോൺഗ്രസ് എല്ലാക്കാലവും സമാധാനത്തിന്റെ പാതയിൽ പോകുന്നവരാണ് കരുതുന്നുവെങ്കിൽ അത് തെറ്റിദ്ധാരണ മാത്രമാണെന്നും വേണുഗോപാൽ അറിയിച്ചു.