കണ്ണൂർ: കോൺഗ്രസിനെതിരെയുള്ള വിമർശനങ്ങളിൽ മഞ്ഞുരുക്കുന്നതിനായി കണ്ണൂരിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി.വേണുഗോപാൽ എം പി തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു.തലശ്ശേരി ബിഷപ്പ് ഹൗസിൽ എം എൽ എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് എന്നിവർക്ക് ഒപ്പമാണ് സന്ദർശിച്ചത്.സന്ദർശനം സൗഹാർദ്ദപരമെന്ന് കെ.സി വേണുഗോപാൽ എം പി പറഞ്ഞു.

തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് മുന്നേറ്റം ഉണ്ടാക്കുമെന്ന് കെ.സി.വേണുഗോപാൽ എം പി പറഞ്ഞു. വർഷങ്ങൾക്കു ശേഷം തെലങ്കാന ഉറപ്പായും കോൺഗ്രസ് ഭരിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നാല് മുതിർന്ന നേതാക്കളെ തെലങ്കാനയിലേക്ക് ഹൈക്കമാൻഡ് അയച്ചിട്ടുണ്ട്. അട്ടിമറി ഒഴിവാക്കാൻ കോൺഗ്രസ് മുൻകരുതൽ എടുക്കുന്നുണ്ടെന്നും .വേണുഗോപാൽ തലശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് യു.ഡി. എഫ് പിണറായി സർക്കാരിനെതിരെ നടത്തിയ ജനവിചാരണ സദസ് ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് കെ.സി വേണുഗോപാൽ തലശേരി ബിഷപ്പ് ഹൗസിൽ മാർജോസഫ് പാംപ്ളാനിയെ സന്ദർശിക്കാനെത്തിയത്.റബർ കർഷകർ നേരിടുന്ന പ്രതിസന്ധിയുൾപ്പെടെ കൂടിക്കാഴ്‌ച്ചയിൽ ചർച്ചയായെന്നാണ് സൂചന.

റബ്ബർ കർഷകരെ സഹായിക്കുന്നവർക്ക് വോട്ടു ചെയ്യുമെന്ന് നേരത്തെ തലശേരി ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ളാനി കർഷക പ്രക്ഷോഭത്തിനിടെ പ്രസംഗിച്ചിരുന്നു. ഈ പശ്ചാലത്തിൽ ബി.ജെപി നേതാക്കൾ തലശേരി ആർച്ച് ബിഷപ്പിന്റെ അരമനയിലെത്തിയിരുന്നു. എന്നാൽ മണിപ്പൂർ വിഷയത്തിന്റെ പേരിൽ ഇടഞ്ഞുനിന്ന ബിഷപ്പ് പിന്നീട് കേന്ദ്രസർക്കാരിനെയും ബിജെപിയെയും വിമർശിച്ചതോടെ രാഷ്ട്രീയ ബന്ധം കൂടുതൽ നിലനിന്നില്ല.