തിരുവനന്തപുരം: മലയാള സിനിമയിലെ സർവകലാശാലയായിരുന്നു കെ.ജി ജോർജെന്ന് മന്ത്രി സജി ചെറിയാൻ. വ്യത്യസ്ത പ്രമേയങ്ങളുള്ള സിനിമകളാണ് അദ്ദേഹം അവതരിപ്പിച്ചത്. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട സിനിമകൾ. കുറ്റാന്വേഷണം, സ്ത്രീപക്ഷ സിനിമ, സിനിമയുടെ പിന്നാമ്പുറ കഥകൾ , പൊളിറ്റിക്കൽ സറ്റയർ തുടങ്ങിയവയുടേതെല്ലാം ബെഞ്ച് മാർക്ക് അദ്ദേഹത്തിന്റെ സിനിമകളാണ്.

മലയാള സിനിമ കണ്ട ജീനിയസ് ആയ സംവിധായകരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഏറ്റവും മുൻനിരയിൽ നിസംശയം പെടുത്താവുന്ന ആളാണ് കെ ജി ജോർജ്. ഇത്രയും വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള കലാകാരന്മാർ മലയാള സിനിമയിൽ അധികമുണ്ടാവില്ല. ത്രില്ലറുകളായ യവനിക, ഈ കണ്ണി കൂടി, ഇരകൾ , ആക്ഷേപ ഹാസ്യ ചിത്രമായ പഞ്ചവടിപാലം, സ്ത്രീകളെ പറ്റിയുള്ള മനഃശാസ്ത്രപരമായ പഠനം എന്നു വിശേഷിപ്പിക്കാവുന്ന ആദാമിന്റെ വാരിയെല്ല്, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങി വിവിധ ധ്രുവങ്ങളിൽ നിൽക്കുന്ന എത്രയോ സിനിമകളാണ് ഇന്നും പ്രേക്ഷകപ്രീതി നേടി നിലനിൽക്കുന്നത്.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ മഹാനായ കലാകാരനാണ് വിടവാങ്ങിയത്. അദ്ദേഹം ചികിത്സയിലായിരുന്നപ്പോൾ 5 ലക്ഷം രൂപ ചികിത്സാധനസഹായമായി സാംസ്‌കാരിക വകുപ്പ് നൽകിയിരുന്നു. മലയാളിയെ ഏറ്റവും അധികം സ്വാധീനിച്ച സിനിമക്കാരിലൊരാളായ കാലാതിവർത്തിയായ സംവിധായകന് ആദരാഞ്ജലികൾ നേരുന്നു. ബന്ധുമിത്രാദികളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.