തിരുവനന്തപുരം: ശബരിമലയില്‍ അരവണ വിതരണത്തിലെ നിയന്ത്രണം ഉടന്‍ നീക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ശബരിമലയില്‍ ഈ മാസം 21 മുതല്‍ സദ്യ വിളമ്പു എന്നും ജയകുമാര്‍ അറിയിച്ചു. കരുതല്‍ ശേഖരം കുറവായതിനാല്‍ മണ്ഡലപൂജ വരെ അരവണ വിതരണത്തിലെ നിയന്ത്രണം തുടരുമെന്ന് ജയകുമാര്‍ വ്യക്തമാക്കി.

ഒരാള്‍ക്ക് 20 ടിന്‍ അരവണയാണ് ഇപ്പോള്‍ നല്‍കുന്നത്. ഒരു ദിവസം മൂന്നുലക്ഷം അരവണയാണ് ഉത്പാദിപ്പിക്കുന്നതെങ്കില്‍ വില്പന നാല് ലക്ഷത്തിന് മുകളിലാണ്. യാതൊരു നിയന്ത്രണവും ഇല്ലാതെ അരവണ വിതരണം ചെയ്തതാണ് പ്രതിസന്ധി ഉണ്ടാകാന്‍ കാരണമെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഈ മാസം 21 മുതല്‍ കേരള സദ്യ വിളമ്പും. ഓരോ ദിവസം ഇടവിട്ടാകും സദ്യ നല്‍കുക. ശബരിമല മാസ്റ്റര്‍ പ്ലാനിലെ വേഗത്തില്‍ നടപ്പാക്കാനാകുന്ന പദ്ധതികളെ കുറിച്ച് വ്യാഴാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മഠം ഉള്‍പ്പെടെയുള്ളവ മാറ്റി സ്ഥാപിക്കുന്ന പദ്ധതികള്‍ അടുത്ത സീസണിന് മുമ്പ് പൂര്‍ത്തിയാക്കാനാകുമോയെന്ന് പരിശോധിക്കും. പുതിയ അരവണ പ്ലാന്റ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

നടപ്പാക്കാനാകുന്ന പദ്ധതികള്‍ക്കായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തും. റൂം ബുക്ക് ചെയ്യുമ്പോള്‍ വാങ്ങുന്ന ഡെപ്പോസിറ്റ് തിരികെ ലഭിക്കാത്തത് സംബന്ധിച്ച് വ്യാപക പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അക്കോമഡേഷന് കീഴില്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കാന്‍ വേണ്ടി മാത്രം പ്രത്യേക കൗണ്ടര്‍ ആരംഭിക്കുമെന്നും കെ ജയകുമാര്‍ അറിയിച്ചു.