തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ഏറുന്നു. സംഗമത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്വാന്‍സായി നല്‍കിയ തുകയെച്ചൊല്ലിയും ബാക്കി നില്‍ക്കുന്ന കുടിശികയെച്ചൊല്ലിയും ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറും ഓഡിറ്റ് റിപ്പോര്‍ട്ടും തമ്മില്‍ വലിയ വൈരുദ്ധ്യമാണ് നിലനില്‍ക്കുന്നത്.

സംഗമത്തിനായി ബോര്‍ഡ് അഡ്വാന്‍സായി നല്‍കിയത് മൂന്നു കോടി രൂപ മാത്രമാണെന്നും ഈ തുക ബോര്‍ഡിന് തിരിച്ചുകിട്ടിയിട്ടുണ്ടെന്നുമാണ് കെ. ജയകുമാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ബോര്‍ഡ് 5 കോടി രൂപ നല്‍കിയെന്നും അതില്‍ 3 കോടി രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നുമാണ് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടില്‍ വസ്തുതാപരമായ പിഴവുകളുണ്ടെന്നും ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്താതെയും കണക്കുകള്‍ ഒത്തുനോക്കാതെയും തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും ജയകുമാര്‍ ആരോപിക്കുന്നു.

ഓഡിറ്റ് റിപ്പോര്‍ട്ടിലെ പല കാര്യങ്ങള്‍ക്കും ബോര്‍ഡിന് കൃത്യമായ മറുപടിയുണ്ടെന്നും പിഴവുകള്‍ പരിഹരിച്ച് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ പണമെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ബോര്‍ഡ് നല്‍കിയ 3 കോടി രൂപ തിരികെ ലഭിച്ചതോടെ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള തുക നല്‍കാന്‍ പണമില്ലാത്ത അവസ്ഥയിലാണെന്നും ജയകുമാര്‍ സമ്മതിക്കുന്നു.

അതേസമയം, കുടിശിക സംബന്ധിച്ച കണക്കുകള്‍ ഭീമമാണ്. അയ്യപ്പ സംഗമത്തിന് ആകെ 6.32 കോടി രൂപ ചെലവായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് വഴിയും പരസ്യവരുമാനത്തിലൂടെയും ഏകദേശം 2.85 കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇനി 3.45 കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. കരാര്‍ കമ്പനിക്ക് നല്‍കാനുള്ള 4.04 കോടിയും ഹോട്ടല്‍ ബില്ലുകളും ഉള്‍പ്പെടെ ആകെ 4.35 കോടി രൂപയുടെ കുടിശിക ഇനിയും ബോര്‍ഡ് നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇത്രയും വലിയ തുക നല്‍കേണ്ടതുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നുമാണ് ജയകുമാറിന്റെ നിലപാട്. പണം നല്‍കാനുണ്ടെന്ന് സമ്മതിക്കുമ്പോഴും തുകയുടെ കാര്യത്തിലുള്ള അവ്യക്തത ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.