ആലപ്പുഴ: മുൻ എംഎൽഎയും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കെ കെ ഷാജു സിപിഐഎമ്മിൽ ചേരുന്നു. ഈ മാസം 12 ന് ആലപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഷാജുവിനെ സിപിഐഎമ്മിലേക്ക് സ്വീകരിക്കും. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ പ്രവേശിച്ചയാളാണ് ഷാജു. 1980-ൽ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിൽ കഴിയുകയും സിപിഐഎമ്മിൽ അംഗമാവുകയും ചെയ്തു. കെ ആർ ഗൗരിയമ്മയെ സിപിഐഎം പുറത്താക്കിയപ്പോൾ ഒപ്പം പാർട്ടി വിട്ട ഷാജു ജെഎസ്എസിൽ ചേർന്നു. 2001ലും 2006ലും പന്തളം മണ്ഡലത്തിൽ നിന്ന് ജെഎസ്എസ് എംഎൽഎയായിരുന്നു.

ഗൗരിയമ്മ യുഡിഎഫ് വിട്ടപ്പോൾ ഒപ്പം പോകാതിരുന്ന ഷാജു പിന്നീട് കോൺഗ്രസിൽ ചേർന്ന് 2011ൽ മാവേലിക്കരയിൽ നിന്നും 2016ൽ അടൂരിൽ നിന്നും മത്സരിച്ചു. എന്നാൽ പരാജയപ്പെട്ടു. ആറ് മാസം മുമ്പ് വരെ ദളിത് കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു ഷാജു.