കോഴിക്കോട്: മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്നും തൃശ്ശൂരിൽ ബിജെപി. പ്രതീക്ഷ വയ്ക്കുന്നത് വെറുതെയാണെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. സിപിഎമ്മിനേയും ബിജെപിയേയും ഒരു പോലെ വിമർശിക്കുകയാണ് മുരളീധരൻ. ലോക്‌സഭയിലേക്ക് മത്സരിച്ചാൽ അത് വടകരയിൽ നിന്നു തന്നെയാകുമെന്നും മുരളീധരൻ പറഞ്ഞു.

പ്രധാനമന്ത്രി വിളിച്ചതുകൊണ്ടാണ് പലരും പോയത്. അതെല്ലാം ബിജെപി വോട്ടല്ല. ചടങ്ങിൽ പങ്കെടുത്ത നടി ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരെയൊക്കെ അണിനിരത്തിയാലും ബിജെപി.ക്ക് സീറ്റ് കിട്ടില്ല. തൃശ്ശൂർ എടുത്തുകൊണ്ടുപോയാൽ നമ്മളെങ്ങനെ തൃശ്ശൂരിൽ പോകുമെന്നും അദ്ദേഹം ചോദിച്ചു.

'താൻ വടകര തന്നെ മത്സരിക്കും. വല്ലാതെ കളിക്കണ്ട സ്വർണം കയ്യിലുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നു. അപ്പോൾ സിപിഐഎം അടങ്ങും. എന്നിട്ട് കോൺഗ്രസിനെ കുറ്റം പറയുകയാണ്. പിണറായിയുടെ പോഷക സംഘടനയാണ് പൊലീസ്. പിണറായി തമ്പുരാൻ എന്നും നാടു വാഴില്ല. സുധീരൻ പാർട്ടി ഫോറത്തിൽ ചില അഭിപ്രായങ്ങൾ പറഞ്ഞതല്ലാതെ കോൺഗ്രസിൽ അടിയൊന്നുമില്ല. തന്റെ താൽപര്യം മത്സരത്തിൽ നിന്ന് മൊത്തത്തിൽ മാറണം എന്നാണ്. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കും', കെ. മുരളീധരൻ പറഞ്ഞു.