തിരുവനന്തപുരം: മാണി സാറിനെ അപമാനിച്ചവരെക്കൊണ്ട് ആത്മകഥ പ്രകാശിപ്പിച്ചത് അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കാത്ത കാര്യമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അദ്ദേഹം യു.ഡി.എഫിന്റെ നേതാവായിരുന്നു, ചില തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും. പക്ഷേ അദ്ദേഹമുണ്ടായിരുന്നെങ്കിൽ യു.ഡി.എഫ് വിടില്ലായിരുന്നുവെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

കെ.എം മാണി മുന്നണി വിട്ടതായിരുന്നില്ലെന്നും അന്ന് അദ്ദേഹം എൽ.ഡി.എഫിലേക്ക് പോയില്ലെന്നും മാറി നിൽക്കുകയാണ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു. ശക്തമായി അദ്ദേഹം തിരിച്ചുവന്നു. ഇപ്പോൾ പിണറായി രാഷ്ട്രീയവത്കരിക്കാൻ നോക്കുകയാണ്. അത് നടക്കില്ലെന്നും മാണി സാറിനെ ഇഷ്ടപ്പെടുന്നവരാരും എൽ.ഡി.എഫിന് വോട്ട് ചെയ്യുകയില്ലെന്നും മുരളീധരൻ പറഞ്ഞു.

വ്യാഴാഴ്ച നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ കെ.എം. മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്പീക്കർ എ.എൻ. ഷംസീറിന് നൽകി പ്രകാശനംചെയ്തത്.