തിരുവനന്തപുരം: ശശി തരൂര്‍ എം.പി സി.പി.എമ്മിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളെ രൂക്ഷമായ പരിഹാസത്തോടെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ തരൂരിനെപ്പോലൊരാള്‍ സി.പി.എം എന്ന മുങ്ങുന്ന കപ്പലില്‍ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

'ക്യാപ്റ്റനും കപ്പലും മുങ്ങുന്നു; ഇത് ഏപ്രില്‍ ഫൂള്‍ തമാശ' 'ക്യാപ്റ്റന്‍ അടക്കം മുങ്ങാന്‍ പോകുന്ന ഒരു കപ്പലില്‍ തരൂര്‍ ചേരുമെന്ന് പറയുന്നത് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ മാത്രം പറയാന്‍ പറ്റുന്ന തമാശയാണ്' - മുരളീധരന്‍ പരിഹസിച്ചു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ നിന്ന് തന്നെപ്പോലെയുള്ള നേതാക്കളെ ഒഴിവാക്കിയിട്ടും താന്‍ പരാതി പറയാത്തത് പാര്‍ട്ടി ഇപ്പോള്‍ ഒരു യുദ്ധമുഖത്ത് നില്‍ക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അസംതൃപ്തി രാഹുലിന്റെ തെറ്റല്ല മഹാപഞ്ചായത്ത് സമ്മേളനത്തില്‍ തരൂരിന്റെ പേര് പരാമര്‍ശിക്കാത്തതില്‍ അദ്ദേഹത്തിന് വിഷമമുണ്ടെന്ന് മുരളീധരന്‍ സമ്മതിച്ചു. എന്നാല്‍ ഇത് രാഹുല്‍ ഗാന്ധിയുടെ തെറ്റല്ല. രാഹുലിന് നല്‍കിയ ലിസ്റ്റ് അദ്ദേഹം വായിക്കുക മാത്രമാണ് ചെയ്തത്. തരൂരിനെ മനഃപൂര്‍വ്വം ഒഴിവാക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. തരൂര്‍ ഒരു പൂര്‍ണ്ണസമയ രാഷ്ട്രീയക്കാരന്‍ അല്ലാത്തതുകൊണ്ട് ഇത്തരം ചെറിയ കാര്യങ്ങള്‍ അദ്ദേഹത്തെ വേദനിപ്പിച്ചേക്കാം. രാഹുല്‍ ഗാന്ധി നേരിട്ട് ശശി തരൂരുമായി സംസാരിച്ച് അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ നീക്കുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ വിജയത്തിന് ശശി തരൂരിന്റെ സേവനം അത്യന്താപേക്ഷിതമാണ്. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ വിവാദങ്ങള്‍ക്കല്ല, മറിച്ച് ഒറ്റക്കെട്ടായി നീങ്ങി വിജയം ഉറപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും തരൂര്‍ കോണ്‍ഗ്രസിനൊപ്പം തന്നെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.