കൊച്ചി: കേരളത്തിൽ വിലക്കയറ്റം കുറവാണെന്ന് അവകാശപ്പെട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ത്യയിൽ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിലെ വിലക്കയറ്റം സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഏഴ് ശതമാനത്തിന് മുകളിലാണ് ദേശീയതലത്തിലെ വിലക്കയറ്റം. കേരളത്തിൽ ഇത്രത്തോളം വിലക്കയറ്റമില്ലെന്നും അദ്ദേഹം പഞ്ഞു.

വെള്ളപ്പൊക്കവും വരൾച്ചയുമെല്ലാം സാധനങ്ങളുടെ വില വർധിപ്പിച്ചു. രാജ്യത്ത് തക്കാളിയുടെ വില 300 കടന്നപ്പോഴും കേരളത്തിൽ 86 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ജനങ്ങൾക്ക് സാധനങ്ങൾ വിലകുറച്ച് കിട്ടുന്നുണ്ട്. ഇത് അവർക്ക് മനസിലാകുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്തെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലൈയിൽ 7.44 ശതമാനമായി ഉയർന്നിരുന്നു. പണപ്പെരുപ്പം നാല് ശതമാനത്തിൽ നിർത്തുകയായിരുന്നു ആർ.ബി.ഐ ലക്ഷ്യം. എന്നാൽ, ഇതും കടന്ന് പണപ്പെരുപ്പം വർധിക്കുകയായിരുന്നു. അതേസമയം, നിലവിലുള്ള പണപ്പെരുപ്പത്തിലെ വർധന സെപ്റ്റംബറോടെ കുറയുമെന്നാണ് ആർ.ബി.ഐ നിഗമനം.