- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ടില്ലാത്ത തൃശൂർ പൂരത്തിന് എന്ത് പ്രസക്തി? വെടിക്കെട്ട് നിരോധിച്ച ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി രാധാകൃഷ്ണൻ
തിരുവനന്തപുരം: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. വിവിധ ദേവസ്വം ബോർഡുകളും വിഷയത്തിൽ അപ്പീൽ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അസമയം ഏതാണെന്ന് കൃത്യമായി കോടതി പറഞ്ഞിട്ടില്ലെന്നും മന്ത്രി സൂചിപ്പിച്ചു. വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗമാണ്. തൃശൂർ പൂരത്തിന് വെടിക്കെട്ടില്ലെങ്കിൽ ആ പൂരത്തിന് എന്ത് പ്രസക്തിയാണുള്ളതെന്ന് മന്ത്രി ചോദിച്ചു.
വെടിക്കെട്ട് അപകടസാധ്യത ഉള്ളതാണെന്ന് പറഞ്ഞാലും അതിനോട് സമൂഹത്തിന് വലിയ താൽപര്യമാണെമന്നും അദ്ദേഹം പറഞ്ഞു. ഒരോ ക്ഷേത്രങ്ങളിലും പൂജകൾക്ക് സമയമുള്ളത് പോലെ വെടിക്കെട്ടിനും സമയമുണ്ട്. അപകടരഹിതമായ രീതിയിൽ വെടിക്കെട്ട് പുനഃസ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
ആരാധനാലയങ്ങളിൽ അസമയത്തുള്ള വെടിക്കെട്ട് നിരോധിച്ചാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടാകുന്നത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണം എന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ കോടതി, ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പിടിച്ചെടുക്കാനും നിർദേശിച്ചിരുന്നു.
ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി നടപടി.



