കൊച്ചി: സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ജനവിഭാഗങ്ങളെ സമൂഹത്തിന്റെയാകെ പിന്തുണയോടു കൂടി മുഖ്യധാരയിലെത്തിക്കുകയാണ് സാമൂഹ്യഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. എറണാകുളം ടൗൺഹാളിൽ സാമൂഹ്യഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾക്കിപ്പുറവും കൂലി കൂട്ടി ചോദിക്കാൻ പിന്നാക്ക വിഭാഗക്കാരന് അവകാശമില്ലെന്ന സ്ഥിതി വിശേഷമാണ് രാജ്യത്ത് നിലനിൽക്കുന്നത്. എന്നാൽ കേരളത്തിലെ സ്ഥിതി ഏറെ വ്യത്യസ്തമാണ്. എല്ലാ രംഗങ്ങളിലേക്കും പിന്നാക്ക വിഭാഗക്കാർക്ക് കടന്നു വരാനുള്ള സാഹചര്യം ഇവിടെയുണ്ട്.

ഡിജിറ്റൽ യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ കാലത്ത് ഡിജിറ്റൽ ഡിവൈസുകളും ആവശ്യമാണ്. ഇത് ഏറ്റവുമാദ്യം നൽകേണ്ടത് പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കാണെന്ന് സർക്കാർ തീരുമാനിച്ചു. ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. 2024 മാർച്ച് 31 മുൻപായി കേരളത്തിലെ മുഴുവൻ ആദിവാസി മേഖലയിലും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദിവാസി മേഖലയിൽ മുഴുവൻ ഈ വർഷം തന്നെ ഇന്റർനെറ്റ് സംവിധാനമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം. ഇത്തരത്തിലുള്ള ആദ്യ പ്രദേശമായി കേരളം മാറും മന്ത്രി പറഞ്ഞു.

പിന്നാക്ക വിഭാഗക്കാരെ ആധുനിക യുഗത്തിലേക്ക് വളർത്തിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 33 മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെയേ ഒരു സമൂഹത്തെ ഉയർത്തിക്കൊണ്ടു വരാനാകൂ. കേരളത്തിലെ മികച്ച വിദ്യാഭ്യാസത്തോടൊപ്പം രാജ്യത്തെയും വിദേശത്തെയും മികച്ച വിദ്യാഭ്യാസം പിന്നാക്ക വിഭാഗക്കാർക്ക് ലഭിക്കണം. 2021 മെയ് 20 മുതൽ 2023 മാർച്ച് 31 വരെ കേരളത്തിൽ നിന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗത്തിൽപ്പെട്ട 422 കുട്ടികളെ വിദേശ സർവകലാശാലകളിൽ പഠിപ്പിക്കാൻ തീരുമാനിക്കുകയും അതു നടപ്പാക്കുകയും ചെയ്തു. ഈ വർഷം 320 കുട്ടികളെ വിദേശത്ത് പഠിക്കാൻ അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അവർക്ക് സുരക്ഷിതമായ പഠനം ഉറപ്പാക്കുന്നതിന് ഒഡെപെകുമായി ചേർന്ന് എല്ലാ നടപടികളും സ്വീകരിക്കും. പട്ടികവർഗ വിഭാഗത്തിലുള്ള 250 ഓളം നഴ്സിങ്, പാരാമെഡിക്കൽ, മെഡിക്കൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രൈമറി ഹെൽത്ത് സെന്റർ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സർക്കാർ സംവിധാനത്തിൽ പരിശീലനത്തിന് അവസരം നൽകുന്നുണ്ട്.

വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും പിന്നാക്ക വിഭാഗക്കാരെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് ലക്ഷ്യം. ആനുകൂല്യം നൽകി മാത്രം ഒരു ജനവിഭാഗത്തെ രക്ഷപെടുത്താനാകില്ല എന്നു നാം തിരിച്ചറിഞ്ഞതാണ്. മൈക്രോ ലെവൽ പ്ലാനിംഗിലൂടെ ഓരോ കുടുംബത്തിന്റെയും പ്രത്യേകതകൾ കണ്ടെത്തി പദ്ധതികൾ ആവിഷ്‌ക്കരിക്കും. 2021 മുതൽ അതിദരിദ്രരെ കണ്ടെത്താനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു. 2024 ഓടെ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

ജനപ്രതിനിധികളുടെ സഹകരണത്തോടെ പട്ടികജാതി കുടുംബങ്ങളുടെ സമഗ്രവിവര ശേഖരണം ഹോം സർവേയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. സേവ് ക്ലബ്ബ് ക്യാമ്പയിൽ തീം സോംഗ് പ്രകാശനം മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ഗാനരചന നിർവഹിച്ച സുനിൽ ഞാറയ്ക്കലിനെ ചടങ്ങിൽ ആദരിച്ചു.