- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിനെ പറ്റിക്കാൻ നോക്കണ്ട: കബളിപ്പിച്ച് കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുമെന്ന് മന്ത്രി കെ. രാജൻ; ഏയഞ്ചൽ വാലി പ്രശ്നം ജൂണിൽ പരിഹരിക്കും
പത്തനംതിട്ട: ഭൂപരിഷ്ക്കരണ നിയമത്തിന്റെ അതിര് ലംഘിച്ച്, സർക്കാരിനെ കബളിപ്പിച്ച് കൈവശം വച്ചിരിക്കുന്നവരുടെ കൈയിൽ നിന്നും ഭൂമി പിടിച്ചെടുത്ത് സാധാരണക്കാരന് വിതരണം ചെയ്യുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. വടശേരിക്കര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂരഹിതന് ഭൂമിയുടെ അവകാശം നൽകുന്നതിന് മനുഷ്യനിർമ്മിതമായ നിയമങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നാൽ അതും ചെയ്യുമെന്നതാണ് സർക്കാർ നയം. കാലങ്ങളായി നിലനിന്ന എയ്ഞ്ചൽവാലി പ്രശ്നം മെയ്, ജൂൺ മാസത്തോടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി പരിഹരിക്കും. മലയോരമേഖലയിലെ പട്ടയപ്രശ്നം സമയബന്ധിതമായി പരിഹരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ഏറ്റെടുത്തിരിക്കുന്ന പദ്ധതിയാണ് പട്ടയമിഷൻ.
മറ്റേത് വകുപ്പിനേക്കാളും ഏറെ സങ്കീർണവും പ്രയാസകരവുമായ പ്രശ്നങ്ങൾ നേരിടുന്നവരാണ് റവന്യു. ഭൂമിസംബന്ധമായ പ്രശ്നം റവന്യു വകുപ്പിന് മുന്നിലെത്തുമ്പോൾ പാർലമെന്റും നിയമസഭയും പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും മുതൽ മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവുകൾ വരെ പരിശോധിച്ച് മാത്രമേ എന്തെങ്കിലും നടപടി സ്വീകരിക്കാൻ കഴിയുവെന്നതാണ് പരമാർത്ഥം. ഇത്തരം സങ്കീർണപ്രശ്നങ്ങളെ അതിജീവിക്കാൻ റവന്യു വകുപ്പിന്റെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുകയെന്നതാണ് മുന്നിലുള്ള മാർഗം. അതിനായി ഒന്നാം പിണറായി സർക്കാർ ആരംഭിച്ച സ്മാർട്ട് വത്ക്കരണം റവന്യു വകുപ്പ് ഒരു അജൻഡയായി ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിന്റെ റവന്യുരംഗത്തെ പ്രശ്നപരിഹാരത്തിനായി മിഷൻ ആൻഡ് വിഷൻ 2021-26 പദ്ധതി തയാറാക്കിയിരിക്കുകയാണ്.
വനഭൂമി പട്ടയ വിതരണത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി വേണം. അനുമതി ലഭിച്ച ഭൂമി അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന നടപടി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. തിരിച്ച് വന്ന അപേക്ഷകൾ പരിശോധിക്കുകയും ജോയിന്റ് വേരിഫിക്കേഷനുള്ള നടപടികളും സ്വീകരിക്കും. ഇനിയും അപേക്ഷ കൊടുക്കാനുള്ളവരെ കണ്ടെത്തും. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വടശേരിക്കര സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചിരിക്കുകയാണെന്നും ചെറിയ രണ്ട് വർഷക്കാലം കൊണ്ട് ഒരു നിയമനിർമ്മാണ സഭയിൽ ഒരു ജനപ്രതിനിധി നടത്തേണ്ട കാര്യങ്ങൾ നടത്താൻ റാന്നി എംഎൽഎയ്ക്ക് സാധ്യമായെന്നും മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്