- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാറിന് അതൃപ്തി: കെ എസ് ജെയിംസിനെ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്തു
ന്യൂഡൽഹി: മലയാളിയായ കെ എസ് ജെയിംസിനെ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് കേന്ദ്രസർക്കാർ സസ്‌പെൻഡ് ചെയ്തു. ഐഐപിഎസ് കേന്ദ്ര സർക്കാരിനായി കുടുംബാരോഗ്യ സർവേ നടത്തുന്ന സ്ഥാപനമാണ്. കേന്ദ്രസർക്കാരിന് സർവേ ഫലങ്ങളിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ.
ജനസംഖ്യാ പഠനവുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാന സ്ഥാപനമാണ് ഐഐപിഎസ്. കേന്ദ്രസർക്കാർ വാദങ്ങളെ ഖണ്ഡിക്കുന്ന ഫലങ്ങളാണ് സർവേയിൽ പലപ്പോഴും പുറത്ത് വരാറുള്ളത്. കേന്ദ്രത്തിന് ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയും ഉണ്ടായിരുന്നു.
2018 ൽ ഐഐപിഎസിൽ ഡയറക്ടറായ ഡോ.ജെയിംസിനെ അച്ചടക്ക നടപടിയുടെ ഭാഗമായെന്ന് മാത്രം പറഞ്ഞ് സസ്‌പെൻഡ് ചെയ്യാനുള്ള കാരണം ഈ അതൃപ്തിയാണെന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്. ഡാറ്റ അവകാശവാങ്ങൾക്ക് തിരിച്ചടിയാവുമ്പോൾ ഇങ്ങനെയൊക്കെയാണ് മോദി സർക്കാർ നേരിടുകയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
വെളിയിട മുക്തഭാരതമെന്ന് അവകാശപ്പെടുമ്പോഴും ആ നേട്ടത്തിലേക്ക് ഇനിയുമേറെ ദൂരമുണ്ടെന്നതായിരുന്നു ഒടുവിലെ കുടുംബാരോഗ്യ സർവേഫലത്തിൽ ഉണ്ടായിരുന്നത്. ലക്ഷദ്വീപ് മാത്രമായിരുന്നു 100 ശതമാനം ഈ നേട്ടത്തിലെത്തിയത്. സർവേ ഫലങ്ങളെ തള്ളി പിന്നാലെ ബിജിപി നേതാക്കൾ രംഗത്തെത്തിയിരുന്നു. സസ്‌പെൻഷൻ നടപടിയെക്കുറിച്ച് പ്രതികരിക്കാൻ ഡോ.ജെയിംസ് ഇതുവരെ തയ്യാറായിട്ടില്ല.




