മട്ടന്നൂർ: സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രിയുൾപ്പെടെ മാറുന്നതാണ് നാടിന് നല്ലതെന്ന് കെ.പി.സിസി അധ്യക്ഷൻ കെ.സുധാകരൻ എംപി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് മന്ത്രിസഭാ പുനഃ സംഘടനാവാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സത്യം പറഞ്ഞാൽ ആദ്യം മാറേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇദ്ദേഹം മാറാതെ മറ്റുമന്ത്രിമാർ മാറിയിട്ടുകാര്യമില്ല. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയാണ് ഭരണത്തിന്റെ പ്രതിച്ഛായ. കേരളം കണ്ടതിൽ വെച്ച് ഏറ്റവും മോശം മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നു ഞാൻ പറഞ്ഞാൽ സി.പി. എമ്മിന്റെ സ്ഥാനത്തിരിക്കുന്ന സാധാരണ പ്രവർത്തകർ പോലും അതു അംഗീകരിക്കും.

തുരുമ്പെടുത്ത മന്ത്രിസഭയെന്നു സി.പി. എം നേതാക്കളായ എം.എ ബേബിയും തോമസ് ഐസക്കും വിമർശിച്ച മന്ത്രിസഭയാണ് പിണറായിയുടെത്. മന്ത്രിസഭാപുനഃസംഘടന അവരുടെ തീരുമാനമാണ്. ഞങ്ങൾ അതിൽ ഇടപെട്ടു അഭിപ്രായം പറയുന്നില്ല. പുതുതായി കൊള്ളാവുന്നവർ മന്ത്രിമാരായാൽ നാടിന് നല്ലത്. ഗവൺമെന്റിന്റെ പരാജയവും വിജയവും നിർണയിക്കുന്നത് മന്ത്രിമാരാണന്നും കെ.സുധാകരൻ പറഞ്ഞു.