- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി വിധി, വിസിമാരെ സംരക്ഷിക്കുന്ന സർക്കാരിന് മുഖമടച്ച് കിട്ടിയ അടി; ബലാത്സംഗവീരന്മാരായ പൊലീസ് ഉദ്യോഗസ്ഥരെ ഉയർത്തിക്കാട്ടിയാണ് കേരളത്തിലേത് മികച്ച പൊലീസിങ് എന്ന് മുഖ്യമന്ത്രി വീമ്പുപറയുന്നതെന്നും കെ.സുധാകരൻ എംപി
കണ്ണൂർ: ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ട വൈസ് ചാൻസലർമാരെ സംരക്ഷിക്കുന്ന സർക്കാരിന്റെ മുഖത്തു കിട്ടിയ അടിയാണ് കുഫോസ് വിസി നിയമനം അസാധുവാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
യുജിസി മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് എൽഡിഎഫ് സർക്കാർ അവരുടെ ഇഷ്ടക്കാരെ സർവകലാശാലകളുടെ താക്കോൽ സ്ഥാനങ്ങളിൽ നിയമിച്ചത്. സാങ്കേതിക സർവകലാശാലാ വിസി നിയമനം സുപ്രീംകോടതിയും, ഫിഷറീസ് സർവകലാശാലാ വിസി നിയമനം ഹൈക്കോടതിയും ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. ഈ വിധികൾ ചട്ടവിരുദ്ധമായി നിയമിതരായ വി സിമാർക്ക് വേണ്ടിയുള്ള സർക്കാരിന്റെ വാദഗതികൾ ശരിയല്ലെന്നതിന് തെളിവാണ്.
ഫിഷറീസ് വിസി നിയമനത്തിൽ യുജിസി മാനദണ്ഡങ്ങൾ അട്ടിമറിക്കാൻ മധ്യതിരുവിതാംകൂറിൽ നിന്നുള്ള ഒരു മന്ത്രി ഇടപെട്ടന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. സ്വജനപക്ഷപാതം മുഖമുദ്രയാക്കിയാണ് എൽഡിഎഫ് സർക്കാർ ഭരിക്കുന്നത്.എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയ മുഴുവൻ സർവകലാശാലാ നിയമനങ്ങളിലും സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഇപ്പോൾ ഗവർണ്ണറെ ചൻസലർ പദവിയിൽ നീക്കാനുള്ള ഓർഡിനൻസ് സർക്കാർ കൊണ്ടുവരുന്നത് യഥേഷ്ടം വിധേയരെ സർവകലാശാലകളിൽ നിയമിക്കുന്നതിനാണ്.ഗവർണ്ണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റുന്നതും അതിന് വേണ്ടിയാണ്. നാളിതുവരെ ചട്ടവിരുദ്ധ നിയമനങ്ങളിൽ ഒപ്പം നിന്ന ഗവർണ്ണർ പിന്മാറിയപ്പോൾ അതിനെ മറികടക്കാനുള്ള പൊടിക്കൈ മാത്രമാണിതെന്നും സുധാകരൻ പരിഹസിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലും പിൻവാതിൽ നിയമനം നടത്താൻ ശ്രമിച്ച മേയറെ സംരക്ഷിക്കുകയാണ് ആഭ്യന്തരവകുപ്പ്. പൊലീസിനെ ഉപയോഗിച്ച് പ്രഹസനാന്വേഷണം നടത്തി ജനങ്ങളെ കബളിപ്പിച്ച് യുവാക്കളെ വഞ്ചിച്ച മേയറെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമാണ് സർക്കാർ നടത്തുന്നത്. കൊള്ളക്കാർക്കും അഴിമതിക്കാർക്കും ക്രിമിനിലുകൾക്കും ഈ സർക്കാർ കുടപിടിക്കുന്നു.കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഈ സർക്കാർ രാഷ്ട്രീയ സംരക്ഷണം ഒരുക്കുകയാണ്.
പോക്‌സോ കേസിലെ ഇരകളെ പോലും ഉപദ്രവിക്കുന്ന നരാധമന്മാരാണ് പൊലീസ് സേനയിലുള്ളത്. ബലാത്സംഗവീരന്മാരായ പൊലീസ് ഉദ്യോഗസ്ഥരെ ഉയർത്തിക്കാട്ടിയാണ് കേരളത്തിലേത് മികച്ച പൊലീസിങ് ആണ് എന്ന് മുഖ്യമന്ത്രി വീമ്പുപറയുന്നത്. ഇത്രയും നാണംകെട്ട ഭരണം കേരളംഇതുവരെ കണ്ടിട്ടില്ല. സാധാരണക്കാർക്ക് നീതി ഉറപ്പാക്കാൻ കഴിയാതെ അവരുടെ മേൽ കുതിരകയറുന്ന പൊലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു




