- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ വിയ്യൂർ സെൻട്രൽ ജയിൽ എ.സി മൊയ്തീന്റെ സ്വന്തമാകാനാണ് സാധ്യത; ലാവ്ലിൻ കേസെടുത്താൽ പിണറായി വിജയൻ ഇരുമ്പഴിക്കുള്ളിൽ പോകുമെന്ന് സുനിശ്ചിതമാണെന്നും കെ സുധാകരൻ
തൃശ്ശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പാതട്ടിപ്പിൽ മുഖ്യമന്ത്രിയേയും സിപിഎം നേതാക്കളേയും പാർട്ടിയേയും രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ വിയ്യൂർ സെൻട്രൽ ജയിൽ എ.സി മൊയ്തീന്റെ സ്വന്തമാകാനാണ് സാധ്യതയെന്ന് അദ്ദേഹം പരിഹസിച്ചു.
ബിജെപിയും സിപിഎമ്മും തമ്മിൽ കൊടുക്കൽ വാങ്ങലാണെന്നും അദ്ദേഹം ആരോപിച്ചു. തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റേയും എംപി ടി.എൻ പ്രതാപന്റേയും നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്തുകൊണ്ട് പിണറായി വിജയൻ ജയിലിൽ കിടന്നില്ല. നാണംകെട്ട ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് അദ്ദേഹത്തെ രക്ഷിച്ചത്. കോൺഗ്രസിനെ തോൽപ്പിക്കാൻ അവർ സിപിഎമ്മിനെ സഹായിക്കാൻ തീരുമാനിച്ചിരിക്കുന്നു. ആ സന്ധിയിൽ പിണറായി വിജയന് കേന്ദ്രസർക്കാർ സംരക്ഷണം ഒരുക്കുന്നു. ലാവലിൻ കേസ് 37 തവണ സുപ്രീംകോടതിയിൽ മാറ്റിവെച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത്രയും തവണ ഒരു കേസ് മാറ്റിവെച്ചിട്ടുണ്ടോ? ആ കേസെടുത്താൽ പിണറായി വിജയൻ ഇരുമ്പഴിക്കുള്ളിലേക്ക് പോകുമെന്ന് സുനിശ്ചിതമാണ്. ബിജെപി ഒരു ഭാഗത്ത് പിണറായി വിജയനെ സംരക്ഷിക്കുന്നു. മറുഭാഗത്ത് ബിജെപി നേതാക്കളുടെ കൊള്ളയ്ക്ക് ഇടതുസർക്കാർ കൂട്ടുനിൽക്കുന്നു. കെ. സുരേന്ദ്രന്റെ കള്ളപ്പണം പിടിച്ചപ്പോൾ ക്രൈംബ്രാഞ്ചോ വിജിലൻസ് പോലും അന്വേഷിച്ചില്ലല്ലോ?', സുധാകരൻ ചോദിച്ചു.
'കട്ടുമുടിക്കുന്ന സർക്കാരാണ് ഇപ്പോൾ കേരളത്തിലേത്. ഭരണം ദുഷിച്ചുവെന്ന് എം.എ ബേബി പറഞ്ഞു. തുരുമ്പിച്ച, ജനവിരുദ്ധ സർക്കാരാണെന്ന് തോമസ് ഐസക് പറഞ്ഞു. മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും മുഖം വികൃമാണെന്ന് സിപിഐ പറഞ്ഞു. എന്നിട്ടും പിണറായി വിജയനെന്ന കാട്ടുകൊള്ളക്കാരന് ഈ രാജ്യത്ത് ഇറങ്ങി നടക്കാൻ എങ്ങനെ ധൈര്യം വരുന്നു? എല്ലാ കൊള്ളയ്ക്കും മാതൃകയായൊരു മുഖ്യമന്ത്രിയാണ് ഇന്ന് നിങ്ങളുടെ ജില്ലയിൽ വന്നുപോയതെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? ഞാൻ പ്രിയ്യപ്പെട്ട പിണറായി വിജയനോട് ചോദിക്കട്ടെ, താങ്കളെ ആർക്കാണെടോ ഈ കേരളത്തിൽ ആവശ്യം? ആർക്കും വേണ്ടാത്ത ചരക്കാ നിങ്ങൾ. നിങ്ങൾക്ക് ആരിൽനിന്നാണ് ഭീഷണി. ഒരു പട്ടിയും നിങ്ങളുടെ പിറകിലില്ല', സുധാകരൻ പറഞ്ഞു.
'മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും എന്നാണ് പഴമൊഴി. മുഖ്യമന്ത്രി ചിന്തിക്കുന്നതും ഊണിലും ഉറക്കത്തിലും ആലോചിക്കുന്നതും എങ്ങനെ കൊള്ള നടത്താമെന്നാണ്. പുതിയ പുതിയ പോർമുഖങ്ങൾ കണ്ടെത്തുകയാണ് മുഖ്യമന്ത്രി. സഹകരണ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചാൽ ഒരു സിപിഎമ്മുകാരനും ഈ സംസ്ഥാനത്തും ജില്ലയിലും ഇറങ്ങിനടക്കില്ല. ഞങ്ങൾ അവരുടെ സംരക്ഷകരായി മാറും', സുധാകരൻ വ്യക്തമാക്കി.




