- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ കന്റോണ്‍മെന്റിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം; വിളക്കും തറ മൈതാനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കണം; കെ. സുധാകരന്‍ എം പി കേന്ദ്ര പ്രതിരോധമന്ത്രിയെ സന്ദര്‍ശിച്ചു
കെ. സുധാകരന്‍ എം പി കേന്ദ്ര പ്രതിരോധമന്ത്രിയെ സന്ദര്‍ശിച്ചു
കണ്ണൂര്‍ :കണ്ണൂര്‍ കന്റോണ്‍മെന്റ് ഏരിയയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കെ.സുധാകരന്‍ എംപി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരിലെ പൊതുജനങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന വിളക്കും തറ മൈതാനം തുറന്നു കൊടുക്കണമെന്ന ആവശ്യമാണ് കൂടിക്കാഴ്ചയില്‍ കെ സുധാകരന്‍ എം പി പ്രധാനമായി ഉന്നയിച്ചത്.
നൂറ്റാണ്ടിന്റെ ചരിത്രത്തിന് സാക്ഷിയായ വിളക്കുംതറ മൈതാനം നിലവില്‍ കണ്ണൂരിലെ പൊതുജനങ്ങള്‍ക്ക് നഷ്ടമായ അവസ്ഥയാണ്. സെന്റ് മൈക്കിള്‍സ് സ്‌കൂളിനു മുന്‍പില്‍ സ്ഥിതി ചെയ്യുന്ന മൈതാനം സൈന്യം പൂര്‍ണമായും ചുറ്റുവേലി കെട്ടി അടച്ചിരിക്കുകയാണ്. കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന പൊതു പരിപാടികളുടെ തുടക്കം ഉണ്ടാകാറുള്ളത് വിളക്കുംതറ മൈതാനിയില്‍ നിന്നാണ്. അതിനാല്‍ ഈ വിഷയം അടിയന്തരമായി പരിഗണിച്ച് വിളക്കും തറ മൈതാനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്ന് കെ. സുധാകരന്‍ എംപി ആവശ്യപ്പെട്ടു.
കണ്ണൂര്‍ പയ്യാമ്പലത്ത് സൈന്യത്തിന്റെ അധീനതയിലുള്ള 65 സെന്റ് ഭൂമിയില്‍ ഒരുഓപ്പണ്‍ മിലിട്ടറി മ്യൂസിയം നിര്‍മ്മിക്കണമെന്ന ആവശ്യവും കെ.സുധാകരന്‍ എം പി മുന്നോട്ടു വെച്ചു. ഓപ്പണ്‍ മിലിറ്ററി മ്യൂസിയം സ്ഥാപിക്കുന്നതോടുകൂടി പൊതുജനങ്ങള്‍ക്ക് ദേശീയ ചരിത്രം, യുദ്ധങ്ങള്‍, സൈനിക സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങള്‍ നേരിട്ട് അറിയാന്‍ അവസരമൊരുക്കും. ഇതു പ്രാവര്‍ത്തികമാക്കിയാല്‍ കണ്ണൂരിലേക്ക് ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. പൊതുജനങ്ങളില്‍ സൈനികരുടെ സേവനത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനും ഓപ്പണ്‍ മിലിട്ടറി മ്യൂസിയം വഴിയൊരുക്കുമെന്ന് രാജ് നാഥ് സിംഗ് മായുള്ള കൂടിക്കാഴ്ചയില്‍ കെ സുധാകരന്‍ എംപി അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ കണ്ടോണ്‍മെന്റ് നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. കന്റോണ്‍മെന്റ് ഏരിയയിലെ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട പല സര്‍ക്കാര്‍ സേവനങ്ങളും സമയബന്ധിതമായി ലഭ്യമാവുന്നില്ല. ഈ വിഷയത്തില്‍ പ്രതിരോധ വകുപ്പിന്റെ അടിയന്തരശ്രദ്ധ ഉണ്ടാവണമെന്ന് കെ സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കെ. സുധാകരന്‍ കൂടിക്കാഴ്ച്ച നടത്തിയത്.