തിരുവനന്തപുരം: ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം നൽകിയ അവസരത്തിൽ മുസ്ലിംലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കും എതിരായ പരാമർശങ്ങൾ നടത്തിയെന്ന വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.

മുസ്ലിംലീഗ് മുന്നണി വിടുമോയെന്ന ചോദ്യത്തിന് ഒരിക്കലും അതുണ്ടാകില്ല എന്ന മറുപടിയാണ് ഞാൻ നൽകിയത്. മുസ്ലിംലീഗ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. കോൺഗ്രസ്സും ലീഗും തമ്മിലും നേതാക്കൾ തമ്മിലും ഒരിക്കലും ഉലയാത്ത ഹൃദയബന്ധമാണുള്ളത്. മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലികുട്ടിയും ഈ ബന്ധം നിലനിർത്തുന്നതിൽ നിർണായകമായ പങ്കാണ് വഹിച്ചത്.

മുസ്ലിംലീഗ് മുന്നണി വിടുമെന്നും, യു.ഡി.എഫ് ദുർബലമാകുമെന്നും ഉള്ള പ്രചാരണങ്ങൾ ചിലരുടെ ദിവാസ്വപ്നങ്ങളിൽ നിന്നും ഉദിച്ചതാണ്. യു.ഡി.എഫിന്റെ കെട്ടുറപ്പിനും, മതേതര കേരളത്തിന്റെ നിലനിൽപ്പിനും മുസ്ലിംലീഗ് വഹിക്കുന്ന പങ്ക് നിസ്തുലമാണ് എന്ന ഉറച്ച ബോദ്ധ്യമുള്ളയാളാണ് താനെന്നും കെ.സുധാകരൻ പറഞ്ഞു.